arippa

പാലോട്: മദ്ധ്യവേനലവധിക്കാലം ആഘോഷകരമാക്കാൻ യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. പ്രകൃതിഭംഗി ആവോളമുള്ളിടം തേടി മനുഷ്യന്റെ യാത്രകൾ തുടർന്നുകൊണ്ടേയിരിക്കും. കുടുംബസമേതം പോകാൻ പറ്റിയ ഇടങ്ങളാണ് നമ്മൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നതും. എന്നാൽ ഇക്കുറി വേനൽകൂടി കടത്തതോടെ ചൂടിനെ അതിജീവിക്കാൻ കൂടികഴിയുന്ന തരത്തിലുള്ള സ്ഥലങ്ങളാണ് തിരഞ്ഞെടുക്കേത്. പ്രകൃതിരമണീയമായ സഞ്ചാരകേന്ദ്രങ്ങൾ ഏറെയുള്ള തിരുവനന്തപുരത്ത് ഒരു ദിവസം ചുറ്റിക്കറങ്ങാനുള്ള സ്ഥലങ്ങൾ മലയോര നാടായ പാലോട്ടുണ്ട്.

വനം വകുപ്പിന്റെ ഗൈഡുമാരുടെ സേവനമുൾപ്പെടെ സജ്ജമാണ് പാലോട്ടെ സഞ്ചാരകേന്ദ്രങ്ങളിൽ.

 മങ്കയം വെള്ളച്ചാട്ടം

ഏറ്റവും മനോഹരമായ രണ്ടു വെള്ളച്ചാട്ടങ്ങൾ മങ്കയത്തിനു സ്വന്തമാണ്, കാളക്കയവും കുരിശ്ശടിയും. മഴക്കാടുകളിൽനിന്ന് ഒഴുകിയിറങ്ങുന്ന അരുവിയിൽ കുളിച്ച്, പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ ഇടം. മങ്കയം പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങൾ. തിരുവനന്തപുരത്തുകാർക്ക് ഒരു വാരാന്ത്യ വിനോദസഞ്ചാര കേന്ദ്രമാണിത്.

പ്രകൃതിയുടെ മാറിലെ വെള്ളിമാല പോലെ കുതിച്ചെത്തുന്ന മങ്കയം വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളും ധാരാളമാണ്. 60 അടി പൊക്കത്തിൽ നിന്നും അഞ്ച് തട്ടുകളിലായി ചിന്നിച്ചിതറുന്ന വെള്ളച്ചാട്ടമാണ് മങ്കയത്തിന്റെ പ്രത്യേകത.

 വരയാട് മൊട്ട

തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിൽ നിന്നും ആരംഭിച്ച് കല്ലാറിൽ അവസാനിക്കുന്ന മനോഹരമായതും സാഹസികത നിറഞ്ഞതുമായ ഒരു കാനന പാതയാണ് വരയാട്മൊട്ട അല്ലെങ്കിൽ വരയാട്ടുമുടി. പൊന്മുടി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലനിരകളാണ് വരയാടുമൊട്ട. അതിൽ ഏറ്റവും പൊക്കമുള്ള മലയ്ക്ക് 1100 മീറ്റർ ആണ് ഉയരം. കേരളത്തിൽ ഏറ്റവും കൂടുതൽ വരയാടുകൾ ഇവിടെയാണ്. വനം വകുപ്പിന്റെ കണക്കനുസരിച്ച് മുന്നൂറിലധികം വരയാടുകൾ ഇവിടെ ഉണ്ട്.

***ബ്രൈമൂർ

കൊടും കാടിനും വന്യജീവികൾക്കും പേരുകേട്ട ഒരിടമാണ് ബ്രൈമൂർ എസ്റ്റേറ്റ്. പാലോടു നിന്ന് എട്ട് കിലോമീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്ന ഇവിടം അഗസ്ത്യാർകൂടം ബയോളജിക്കൽ റിസർവിന്റെ ഭാഗമാണ്. ബ്രിട്ടീഷുകാർ തുടങ്ങിയ 900 ഏക്കറുള്ള എസ്റ്റേറ്റാണ് ഇവിടുത്തെ കാഴ്ച. ബ്രൈമൂർ എസ്റ്റേറ്റിനുള്ളിൽ തേയില ഫാക്ടറി, പഴയ കെട്ടിടങ്ങൾ തുടങ്ങിയവ കാണാം.

****അരിപ്പ

അപൂർവ പക്ഷി വർഗങ്ങളുടെ പറുദീസയാണ് ഏഷ്യയിലെ ഏറ്റവും വലിയ കണ്ടൽ ചതുപ്പ് പ്രദേശമായ ശാസ്താംനടയോട് ചേർന്ന അരിപ്പ. തട്ടേക്കാടിന് സമാനമായ ഇവിടെ മുന്നൂറിലധികം വ്യത്യസ്തതരം പക്ഷികളെയാണ് ഗവേഷകർ കണ്ടെത്തിയത്. വളരെ അധികം അപൂർവമായ മക്കാച്ചിക്കാട എന്ന അപൂർവ പക്ഷി വർഗമായ ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി പക്ഷി നിരീക്ഷകർ അരിപ്പയിൽ നിന്നാണ് കണ്ടെത്തിയത്. കേരളത്തിൽ കാണുന്ന ബ്ലാക്ക് വുഡ് പെക്കർ എന്ന കാക്ക,​ മരംകൊത്തിയും പക്ഷികളിലെ ഗായകനായ ഇന്ത്യൻ ക്ഷാമയും ഇവിടെ ധാരാളമായി കണ്ടുവന്നിരുന്നു. പക്ഷികൾക്ക് പുറമേ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, മാൻ, മലയണ്ണാൻ തുടങ്ങിയ മൃഗങ്ങളും വൈവിദ്ധ്യങ്ങളായ സസ്യജാലങ്ങളും ഈ വനമേഖലയിലുണ്ട്. താടിക്കാരൻ വേലിതത്ത, കാട്ടുമൂങ്ങ, ചാരതലയൻ ബുൾബുൾ, മീൻ പരുന്ത്, മേനി പൊൻമാൻ, കാട്ടുപൊടി പൊന്മാൻ, കിന്നരിപരുന്ത്, മീൻ കൂമൻ, മേനിപ്രാവ്, കോഴി വേഴാമ്പൽ, ഉപ്പൻ കുയിൽ, കാട്ടുതത്ത തുടങ്ങിയവയേയും ഇവിടെ കാണാം.