തിരുവനന്തപുരം: തിളയ്ക്കുന്ന പകൽച്ചൂടിനെ വകവയ്ക്കാതെ പ്രചാരണം കൊഴുപ്പിച്ച് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ.

യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂർ കോവളം മണ്ഡലത്തിലാണ് ഇന്നലെ പര്യടനം നടത്തിയത്. രാവിലെ 8.45ന് ബാലരാമപുരത്ത് നടത്തിയ സ്വീകരണ യോഗം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കോവളം അസംബ്ലി ചെയർമാൻ കോളിയൂർ ദിവാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ, കെ.പി.സി.സി അംഗം വിൻസെന്റ് ഡി.പോൾ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വിനോദ് സെൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ആയിരക്കണക്കിന് പ്രവർത്തകരാണ് പുഷ്പവൃഷ്ടിയോടെയും വാദ്യമേളത്തിന്റെ അകമ്പടിയോടെയും സ്ഥാനാർത്ഥിയെ വരവേൽക്കാൻ കാത്തുനിന്നത്. ഉച്ചഭക്ഷണത്തിന് മുമ്പ് പുന്നവിള കുരിശടി ജംഗ്ഷനിൽ നിറുത്തിയ പര്യടനം ഉച്ചകഴിഞ്ഞ് മൂന്നിന് കുടുംബന്നൂരിൽ നിന്ന് പുനഃരാരംഭിച്ചു. രാത്രി വൈകി പാറവിളയിലാണ് ഇന്നലത്തെ പര്യടനം അവസാനിച്ചത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പര്യടനം കോവളം മണ്ഡലത്തിൽ പാലപ്പൂരിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പാലപ്പൂര് ബിജു അദ്ധ്യക്ഷനായി. മാങ്കോട് രാധാകൃഷ്ണൻ, നീലലോഹിതദാസ്, പി.എസ്.ഹരികുമാർ, പള്ളിച്ചൽ വിജയൻ, ജമീല പ്രകാശം, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ബാലരാമപുരം, കല്ലിയൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ ആർ.എസ്.ജയൻ, ആദർശ് കൃഷ്ണ, രാഹുൽ രാജ്, പി.കെ.സാം തുടങ്ങിയവർ സംസാരിച്ചു.

എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ അമ്പൂരി പഞ്ചായത്തിലാണ് ഇന്നലെ പര്യടനം നടത്തിയത്. അമ്പൂരി കൊടുമല വാർ‌ഡിലെ ചാക്കപ്പാറ,അച്ചവിളാകം,കാരിക്കുഴി, ശംഖിൻകോണം,പുരവിമല എന്നിവിടങ്ങളിലെ കോളനികൾ അദ്ദേഹം സന്ദർശിച്ചു. രാവിലെ കിള്ളിപ്പാലം സെന്റ് ജൂഡ് പള്ളി,എൽ.എം.എസ് എൽ-ഷദ്ദായി മിനിസ്ട്രി ജീസസ് ആരാധനാകേന്ദ്രം, ഉള്ളൂർ സത്സംഗ് ധ്യാനമന്ദിരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം, പാപ്പനംകോട് ശ്രീമൂകാംബിക ദേവസ്ഥാനം പ്രതിഷ്ഠാ വാർഷികം,പൂജപ്പുര മുടവൻമുഗൾ ശ്രീ ഉലകുടയ പെരുമാൾ തമ്പുരാൻ ക്ഷേത്രത്തിലെ പൊങ്കാല,ഭാരതീയ വിചാര കേന്ദ്രം സംസ്‌കൃതി ഭവനിൽ സംഘടിപ്പിച്ച കുടുംബ സംഗമം തുടങ്ങിയ പരിപാടികളിലും പങ്കെടുത്തു.

പര്യടനത്തിൽ പങ്കുചേർന്ന്

തരൂരിന്റെ അമ്മയും സഹോദരിയും

യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിൽ പങ്കുചേർന്ന് അമ്മയും സഹോദരിയും. കോവളം മണ്ഡലത്തിലെ വാഴവിളയിലെത്തിയപ്പോഴാണ് അമ്മ സുലേഖ മേനോനും സഹോദരി ശോഭ തരൂരും പര്യടനത്തിലെത്തി ശശി തരൂരിന് ആശംസകൾ അറിയിച്ചത്.