തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി കാത്ത് ലാബിലെ രോഗികളിൽ നിന്ന് അനധികൃതമായി പണം വാങ്ങിയെന്ന പരാതിയിൽ രണ്ടു ദിവസത്തിനകം അക്കൗണ്ട്സ് ഓഫീസർ ആശുപത്രി സുപ്രണ്ടിന് റിപ്പോർട്ട് കൈമാറും. കാത്ത് ലാബ് ലോക്കറിൽ നിന്ന് 4.40 ലക്ഷം രൂപ കണ്ടെത്തിയ സംഭവത്തിൽ കാത്ത് ഓഫീസ് ക്ലാർക്ക് കെ.സുനിൽകുമാറിനെ മാർച്ച് 6ന് സസ്പെൻഡ് ചെയ്തിരുന്നു. തുകയുടെ കണക്ക് സംബന്ധിച്ച പരിശോധന പൂർത്തിയായാൽ റിപ്പോർട്ട് കൈമാറും.

റിപ്പോർട്ട് തയ്യാറാക്കിയാലേ ക്രമക്കേടിനെക്കുറിച്ച് വ്യക്തമാകുവെന്ന് അധികൃതർ അറിയിച്ചു. സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. നമ്പർ ലോക്കുള്ള ലോക്കറിന്റെ സൂക്ഷിപ്പ് ചുമതല ക്ലാർക്കിനാണ്. ലോക്കറിലെ തുക നൽകാനുള്ളവരെ ബന്ധപ്പെട്ടും രേഖകൾ പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. അന്തിമ റിപ്പോർട്ട് ലഭിച്ചാൽ ആശുപത്രി സൂപ്രണ്ട് എച്ച്.ഡി.എസ് ചെയർമാൻ കൂടിയായ കളക്ടർക്ക് കൈമാറും. രോഗികളിൽ നിന്ന് വാങ്ങിയ പണം ആശുപത്രി വികസന സമിതിയിൽ അടച്ചില്ലെന്നാരോപിച്ചാണ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തത്. ഇതേത്തുടർന്ന് ക്ലാർക്ക് ഉപയോഗിച്ചിരുന്ന ലോക്കർ ലോക്ക് ചെയ്തിരുന്നു. ഇതിലുണ്ടായിരുന്ന തുക അന്വേഷണ സംഘത്തിന് കൈമാറി. ഈ തുകയും എച്ച്.ഡി.എസ് രേഖകളിലെ കണക്കും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്.