v-joy

വർക്കല: അണമുറിയാത്ത ആവേശത്തോടെയുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങിയും പര്യടനവേദികളിൽ പരമാവധി സംവദിച്ചും സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട്. ഉയിരാണ് ജോയി, ഉറപ്പാണ് ജോയ് എന്നിങ്ങനെ വൈവിദ്ധ്യമാർന്ന പോസ്റ്ററുകളും ജോയി അണ്ണൻ എന്ന ആർപ്പുവിളിയോടെയുള്ള സ്വീകരണങ്ങളും പ്രചാരണം കൊഴുപ്പിക്കുന്നു. കാട്ടാക്കട മണ്ഡലത്തിലെ പള്ളിമുക്ക് ജംഗ്ഷനിൽ നിന്നാണ് വി.ജോയ് കഴിഞ്ഞദിവസം പര്യാടനമാരംഭിച്ചത്. തിരഞ്ഞെടുപ്പ് ദിവസം അടുക്കുംതോറും അണികളുടെ ആവേശവും ഏറി. പൊരിവെയിൽ വകവയ്‌ക്കാതെ വൃദ്ധരും സ്ത്രീകളും കുട്ടികളും യുവജനങ്ങളും പര്യടന ഇടങ്ങളിൽ തിങ്ങിനിറയുന്നുണ്ട്. പേയാട്, പുളിയറക്കോണം, കൊല്ലംകോണം,വിളപ്പിൽശാല തുടങ്ങി 50 ഓളം കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രിയോടെ പാപ്പനം ജംഗ്ഷനിൽ പര്യടനം സമാപിച്ചു. ഇന്ന് വാമനപുരം മണ്ഡലത്തിലാണ് പര്യടനം. രാവിലെ 8ന് പാലാംകോണം ജംഗ്ഷനിൽ നിന്ന് പര്യടനം ആരംഭിക്കും.

നെല്ലനാട്ടിൽ നിന്നാരംഭിച്ച അടൂർ പ്രകാശിന്റെ വാമനപുരം നിയോജക മണ്ഡലത്തിലെ പര്യടനം ഇന്നലെ കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീർ ഉദ്ഘാടനം ചെയ്‌തു. യു.ഡി.എഫിന് അനുകൂലമായ തിരഞ്ഞെടുപ്പാണ് സംജാതമായിരിക്കുന്നതെന്നും ജനം കോൺഗ്രസിനൊപ്പം നിന്ന് രാജ്യം വീണ്ടെടുക്കണമെന്നും അടൂർപ്രകാശ് പറഞ്ഞു. കളമച്ചൽ, കുറ്റിമൂട്, പനയമുട്ടം തുടങ്ങി 80 ഓളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രിയോടെ വഞ്ചുവം ജംഗ്ഷനിൽ പര്യടനം സമാപിച്ചു. ഇന്ന് രാവിലെ പെരിങ്ങമ്മല എസ്റ്റേറ്റ് മേഖലയിലും ഉച്ചയോടെ അരുവിക്കര ആര്യനാട് എന്നിവിടങ്ങളിലും പര്യടനം നടത്തും.

വാമനപുരം, പോത്തൻകോട് മണ്ഡലങ്ങളിലായിരുന്നു വി. മുരളീധരന്റെ ഇന്നലത്തെ പര്യടനം. കല്ലറ വെള്ളംകുടിയിൽ നിന്നാരംഭിച്ച പര്യടനം കല്ലറ, പുല്ലമ്പാറ, പനവൂർ ഗ്രാമപഞ്ചായത്തുകളിലെ 60 ഓളം കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രിയോടെ മൂന്നാംകുഴിയിൽ സമാപിച്ചു. വിശ്വപുരത്ത് എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വി. മുരളീധരൻ ഉദ്ഘാടനം ചെയ്‌തു.