
മാദ്ധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച ചർച്ചകൾ ഏറെ സജീവമായിരിക്കുന്ന സന്ദർഭത്തിലാണ് മലയാള പത്രപ്രവർത്തന ചരിത്രത്തിലെ പ്രകാശഗോപുരങ്ങളിലൊന്നായ സി.വി. കുഞ്ഞുരാമന്റെ ഓർമ്മകൾക്ക് എഴുപത്തഞ്ചാണ്ട് ആകുന്നത്. സമൂഹത്തിലെ കാലുഷ്യങ്ങൾക്കെതിരെ സന്ധിയില്ലാതെ പോരാടുക; സമൂഹത്തെ കൂടുതൽ ചിട്ടപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക; സമൂഹത്തെ പുരോഗതിയുടെ പുതിയ വിതാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുക എന്നിവയൊക്കെയാണ് ഉത്തരവാദിത്വപൂർണമായ പത്രപ്രവർത്തനത്തിന്റെ അടിസ്ഥാനം എന്നു പറയാറുണ്ട്.
ഇത്തരത്തിൽ സമൂഹത്തെ ഉയരങ്ങളിലേക്ക് കൈപിടിച്ചു നടത്താൻ പത്രപ്രവർത്തകൻ കേവലമൊരു പത്രപ്രവർത്തകനോ പത്രാധിപരോ ആയാൽ പോരാ. അയാൾ സാമൂഹ്യജീവിതത്തിന്റെ സങ്കീർണവും സംഘർഷഭരിതവുമായ മേഖലകളിൽ വ്യാപരിക്കാൻ തയ്യാറാകണം. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലും വളവുതിരിവുകളിലും ആമഗ്‌നനാകണം. അതിന് പത്രപ്രവർത്തന ചാതുരിക്കപ്പുറം, സാമൂഹ്യജീവിതത്തെ നിയന്ത്രിക്കുന്ന നാനാമേഖലകളെക്കുറിച്ച് ധാരണ വേണം. രാഷ്ട്രീയവും ചരിത്രവും ഭൂമിശാസ്‌ത്രവും സാഹിത്യവും സംസ്‌കാരവും സ്വാതന്ത്ര്യ സങ്കല്പങ്ങളുമൊക്കെ അറിയണം. അങ്ങനെ 'മനുഷ്യത്വമായതൊന്നും തങ്ങൾക്ക് അന്യമല്ല" എന്ന മഹാവാക്യത്തിന്റെ സാരസർവസ്വം ഉൾക്കൊണ്ടു പ്രവർത്തിച്ചവർ മാത്രമേ ലോകത്തെവിടെയും പത്രപ്രവർത്തന രംഗത്ത് പ്രകാശം പരത്തിയിട്ടുള്ളൂ. ഈ ശ്രേണിയിലെ തിളങ്ങുന്ന നക്ഷത്രമാണ് സി.വി. കുഞ്ഞുരാമൻ.
ഒരു നക്ഷത്രം
ജനിക്കുന്നു
സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യാപരിച്ച എഴുത്തുകാരൻ, ചരിത്ര ഗവേഷകൻ, സമുദായ പരിഷ്‌കർത്താവ് എന്നീ മേഖലകളിലും അദ്ദേഹം നിറഞ്ഞുനിന്നു. 19-ാം നൂറ്റാണ്ടിലെ സാമൂഹ്യ ജീവിതത്തിലെ വിവേചനങ്ങളും വേർതിരിവുകളും അടക്കമുള്ള എല്ലാ അസംബന്ധങ്ങളും കണ്ടുവളർന്ന ബാല്യവും യൗവനവുമായിരുന്നു അദ്ദേഹത്തിന്റേത്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ, കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ പഥികരിലൊരാളായ ആറാട്ടുപുഴ വേലായുധപ്പണിക്കർ (1825 - 74) നടത്തിയ അച്ചിപ്പുടവ സമരം, ഏത്താപ്പു സമരം, മൂക്കുത്തി സമരം തുടങ്ങിയവയുടെ അനുരണനങ്ങളും സി.വിയെ ത്രസിപ്പിച്ചിരുന്നു.
ഈ ഘട്ടത്തിൽ പറവൂർ വി. കേശവനാശാൻ (1859 - 1917) പറവൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'സുജനാനന്ദിനി" (1891) അഗ്നിക്കിരയാക്കപ്പെട്ട പശ്ചാത്തലത്തിലാണല്ലോ സി.വി. കുഞ്ഞുരാമൻ കേരളകൗമുദി ആരംഭിക്കുന്നത്. ഹരിപ്പാട് ഒരു ഈഴവ ബാലന് സ്‌കൂളിൽ പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ട് നായർ - ഈഴവ ലഹള നടന്നപ്പോൾ, ലഹള അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖപ്രസംഗം എഴുതിയതിന്റെ പേരിലാണ് പിറ്റേദിവസം പത്രവും, അതച്ചടിച്ച കേരളഭൂഷണം പ്രസ്സും കത്തിച്ചുകളഞ്ഞത്. ഈ സംഭവത്തിന്റെ വെളിച്ചത്തിലാണ് കുമാരനാശാൻ 'ഉദ്‌ബോധനം" എന്ന സ്വാതന്ത്ര്യ ഗീതം എഴുതിയത്. 'മുറിവേൽപ്പിക്കിലും ധൂർത്തർ / പത്രം ചുട്ടുകരിക്കിലും / മുഷ്‌കിന്നു കീഴടങ്ങാതെ / മരിപ്പോതും തടുക്കുവിൻ എന്ന ആശാന്റെ വരികൾ കൂടി സി.വിയെ സ്വാധീനിച്ചിരിക്കാം.
ചരിത്രവും
തുടർച്ചയും
അങ്ങനെയാണ് കൊല്ലവർഷം 1911 ഫെബ്രുവരി 11-ന് മയ്യനാട് വർണപ്രകാശം പ്രസ്സിൽ നിന്ന് കേരളകൗമുദി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. സി.വി അന്ന് സർക്കാർ സ‌്കൂൾ അദ്ധ്യാപകനായിരുന്നതുകൊണ്ട് സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കരായിരുന്നു പത്രാധിപർ. എങ്കിലും പത്രത്തിലെ മുഖപ്രസംഗങ്ങളെല്ലാം എഴുതിയിരുന്നത് സി.വി. തന്നെയായിരുന്നുവെന്ന് കേരളകൗമുദിയുടെ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഏറെ താമസിയാതെ സർക്കാർ ജോലി രാജിവച്ച് സി.വി തന്നെ പത്രാധിപസ്ഥാനം ഏറ്റെടുക്കുന്നുമുണ്ട്.
'ഈഴവ സമുദായം വക പത്രം" എന്ന രീതിയിൽ ആരംഭിച്ച പത്രം അടിച്ചമർത്തപ്പെട്ട എല്ലാവരുടേയും പത്രമായി മാറുന്ന ചരിത്രമാണ് പിന്നീടു കണ്ടത്.
വാരികയായി തുടങ്ങിയ പത്രം മൂന്നു പതിറ്റാണ്ടു കഴിഞ്ഞ് ദിനപ്പത്രമായി മാറുമ്പോഴും, മയ്യനാടു നിന്നു കൊല്ലത്തേക്കും, പിന്നീട് തിരുവനന്തപുരത്തേക്കും പ്രസിദ്ധീകരണം മാറുമ്പോഴും പത്രത്തിന്റെ അടിസ്ഥാനം എന്നും സാധാരണ മനുഷ്യർ തന്നെയായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ ക്ളേശങ്ങളും വിവേചനങ്ങളും അനുഭവിക്കേണ്ടിവന്നവർ, സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ ജീവിതത്തിന്റെയും എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടവർ..... എന്നിവരുടെയെല്ലാം ജീവിതത്തിന് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും നൽകിയായിരുന്നു സി.വിയുടെ പത്രാധിപത്യത്തിൽ കേരളകൗമുദി മുന്നേറിയത്. സാമൂഹ്യ - സാംസ്‌കാരിക - സാഹിത്യ രംഗങ്ങളിലൊക്കെ നിഷ്‌പക്ഷനും ആദർശനിഷ്ഠനുമായ ആ പത്രാധിപരുടെ കൈയൊപ്പു പതിഞ്ഞു. പത്രാധിപർ കെ. സുകുമാരനിലൂടെ തുടർന്നുവന്ന തലമുറകളും ആ മഹത്വം എന്നും ഉയർത്തിപ്പിടിക്കുന്നു.
അറിവിന്റെ
ഖജനാവ്
കുമാരനാശാനെപ്പോലെ, ശ്രീനാരായണഗുരു സ്വാമികളുമായുള്ള സഹവർത്തിത്വം സി.വി. കുഞ്ഞുരാമന്റെ പത്രപ്രവർത്തനം ഉൾപ്പെടെയുള്ള സാമൂഹ്യ ജീവിത ഇടപെടലുകൾക്ക് കൃത്യമായ ദിശാബോധം നൽകുകയും വെളിച്ചം പകരുകയും ചെയ്തിട്ടുണ്ട്. വൈക്കം സത്യഗ്രഹം മുതൽ ക്ഷേത്രപ്രവേശന പ്രക്ഷോഭം വരെയുള്ള പ്രവർത്തനങ്ങൾ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി മുതൽ ശ്രീമൂലം പ്രജാസഭ വരെയുള്ള പ്രവർത്തനങ്ങൾ എന്നിവയിലും ഗുരുപൂർണിമയുടെ വെളിച്ചം സി.വിക്ക് കരുത്തു പകർന്നിട്ടുണ്ട്. സൂര്യനു കീഴിലുള്ള ഏതു വിഷയത്തെപ്പറ്റി പറയാനും എഴുതാനുമുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. പത്രത്തിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വിഷയങ്ങളുടെ വൈവിദ്ധ്യവും വൈപുല്യവും ശ്രദ്ധിച്ചാൽ ഇതു ബോദ്ധ്യമാകും.
ഇ.വി. കൃഷ്ണപിള്ളയുടെ ചിരിയും ചിന്തയും, ഈ അത്ഭുതലോകം, വിജ്ഞാനശകലങ്ങൾ, ഇതു നിങ്ങൾക്കറിയാമോ, വാരവൃത്താന്തങ്ങൾ, വിനോദവീഥി, ആരോഗ്യം, ബാലജനസഖ്യം, സ്‌ത്രീലോകം, ജീവചരിത്രം, പുസ്‌തകാഭിപ്രായം തുടങ്ങിയ പംക്തികൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. മാർക്‌സ് മുതൽ മാഡം ക്യൂറി വരെയുള്ളവർ സി.വിയുടെ ജീവചരിത്ര പംക്തിയിൽ സ്ഥാനംപിടിച്ചു. ഗാന്ധിജി, നെഹ്‌റു, ബർണാഡ് ഷാ തുടങ്ങിയവരുടെ പ്രസംഗങ്ങൾ പംക്തികളിൽ കാണാൻ കഴിഞ്ഞു. ഏതാണ്ട് ഒരു നൂറ്റാണ്ടോളം മുമ്പ് സി.വി. കുഞ്ഞുരാമൻ കൈകാര്യം ചെയ്ത പംക്തികളുടെ ചുറ്റുവട്ടങ്ങളിലാണ് ഈ 21-ാം നൂറ്റാണ്ടിലെ പല പത്രാധിപന്മാരും കറങ്ങിനടക്കുന്നത് എന്നു മനസ്സിലാക്കുമ്പോഴാണ് എത്ര ക്രാന്തദർശിയും, കാലത്തിനു മുമ്പേ നടന്ന പത്രാധിപരുമായിരുന്നു സി.വി. എന്നു മനസ്സിലാവുക.
ചെറുപ്പത്തിലേ തന്നെ ലോക ക്ളാസിക്കുകൾ പലതും വായിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഈ വായനയുടെ കരുത്തിലാണ് അദ്ദേഹം അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും സരസമായും ശക്തമായും എതിർത്തത്. തീർച്ചയായും ഗുരുവിന്റെ സാമീപ്യവും ഇതിന് ശക്തിപകർന്ന ഘടകമായിരുന്നു. ഏതു മേഖലയിൽ വ്യാപരിക്കുന്നയാളും അവിടെ തന്റെ അടയാളം പതിപ്പിക്കണമെങ്കിൽ ചിന്തയിലും എഴുത്തിലും 'മൗലികത" സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അക്കാര്യത്തിൽ അനുഗൃഹീതനായിരുന്നു സി.വി. എസ്.എൻ.ഡി.പി യോഗത്തിന്റെ പല തീരുമാനങ്ങളുടേയും, ആലുവ അദ്വൈതാശ്രമത്തിൽ ചേർന്ന 1924-ലെ സർവമത സമ്മേളനത്തിന്റേയും പിന്നിൽ സി.വിയുടെ മനീഷയായിരുന്നു എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്.
കാലം മറക്കാത്ത
ആ സംവാദം
മനുഷ്യരെല്ലാം 'ഒരു മത"മാണെന്ന സിദ്ധാന്തം സാധൂകരിക്കപ്പെടുന്നത് സി.വി. കുഞ്ഞുരാമൻ ഗുരുവുമായി നടത്തിയ സംവാദത്തിലായിരുന്നു. ഈ സംവാദം 1926-ൽ ഗുരു വായിച്ചുകേട്ട് അംഗീകാരം നൽകിയതിനുശേഷം സി.വി ഇതു പ്രസിദ്ധീകരിക്കുകയുണ്ടായി. ''രാജ്യങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലുമുള്ള ശണ്ഠ ഒന്നു മറ്റൊന്നിനെ തോൽപ്പിക്കുമ്പോൾ അവസാനിക്കും. മതങ്ങൾ തമ്മിൽ പൊരുതിയാൽ ഒതുങ്ങാത്തതുകൊണ്ട് ഒന്നിന് മറ്റൊന്നിനെ തോൽപ്പിക്കാൻ കഴിയില്ല" എന്ന കാലാതിവർത്തിയായ വാക്കുകൾ ഗുരു പറയുന്നത് സി.വിയുമായി നടത്തിയ സംവാദത്തിലാണ്.
'ഗുരുവിനെ കാണുമ്പോഴെല്ലാം ഓരോ വിഷയത്തെക്കുറിച്ചും സി.വി. സംസാരിക്കുമെന്നും, സി.വിയുമായി സംസാരിക്കുന്നത് ബുദ്ധിക്ക് ഉണർവുണ്ടാക്കാൻ ഉപകരിക്കുമെന്നും ഗുരു പലരോടും പറഞ്ഞിട്ടുണ്ട് എന്നും പ്രൊഫ. എം.കെ. സാനുമാഷ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ, കാലത്തെ അതിശയിപ്പിച്ച പ്രതിഭാശാലികൾക്കൊപ്പം സഞ്ചരിക്കുകയും, അവരുടെ ഊർജ്ജപ്രവാഹത്തിൽ നിന്നുൾക്കൊണ്ട വെളിച്ചം പിന്നാലെ വന്നവരിലേക്ക് സംക്രമിപ്പിക്കുകയും ചെയ്ത മഹാമനുഷ്യനാണ് സി.വി. കുഞ്ഞുരാമൻ. പത്രപ്രവർത്തനത്തിലെന്നപോലെ, സാമൂഹ്യ - സാംസ്കാരിക ചിന്തകളിലെല്ലാം നൂറ്റാണ്ടിനു ശേഷവും മിഴിവോടെ നിൽക്കുന്നതാണ് മലയാള ഗദ്യഭാഷയുടെ പിതാവായി അറിയപ്പെടുന്ന സി.വി നൽകിയ പാഠങ്ങൾ.
(സംസ്ഥാന വിവരാവകാശ മുൻ കമ്മിഷണറാണ് ലേഖകൻ)
സി.വി: ജീവിതരേഖ
കേരളകൗമുദി സ്ഥാപകൻ, ആധുനിക മലയാള ഗദ്യത്തിന്റെ സ്രഷ്ടാവ്, മലയാളരാജ്യം സ്ഥാപക പത്രാധിപർ, സാമൂഹ്യ വിപ്ളവകാരി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, നിയമസഭാ സാമാജികൻ, അഭിഭാഷകൻ എന്നീ നിലകളിലെല്ലാം യശസു നേടിയ സി.വി. കുഞ്ഞുരാമൻ 1871 ഫെബ്രുവരി 21ന് കൊല്ലം ജില്ലയിലെ മയ്യനാട്ട് ജനിച്ചു. അച്ഛൻ വേലായുധൻ, അമ്മ കുഞ്ഞിച്ചാളി. മയ്യനാട് എൽ.എം.എസ് സ്കൂളിലും കൊല്ലം ഗവ. ഇംഗ്ളീഷ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം.
ഉന്നത വിദ്യാഭ്യാസം നേടാനായില്ലെങ്കിലും വായനയിലൂടെ പാണ്ഡിത്യമാർജ്ജിച്ചു. പരവൂർ കേശവനാശാന്റെ പത്രാധിപത്യത്തിലുള്ള 'സുജനാനന്ദിനി"യിലാണ് കവിതകളും ലേഖനങ്ങളും ആദ്യം പ്രകാശിതമായത്. 'സുജനാനന്ദിനി"യുടെ ഉപപത്രാധിപരായും പ്രവർത്തിച്ചു. ഡോ. പൽപ്പുവിന്റെയും മറ്റും ശ്രമഫലമായി അവർണ ഹിന്ദുക്കൾക്ക് പ്രത്യേകം സ്കൂളുകൾ അനുവദിക്കാൻ സർക്കാർ നിശ്ചയിച്ചപ്പോൾ മയ്യനാട്ട് വെള്ളമണൽ സ‌്കൂൾ സ്ഥാപിക്കുവാൻ മുൻകൈയെടുത്തു. അവിടെ ഹെഡ്മാസ്റ്ററായി.
1911 ഫെബ്രുവരി 11-ന് മയ്യനാട്ട് കേരളകൗമുദി സ്ഥാപിച്ചു. അക്കാലത്ത് സർക്കാർ സർവീസിൽ ഉണ്ടായിരുന്നതിനാൽ പത്രാധിപ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തത്, പിന്നീട് ഉദ്യോഗം രാജിവച്ചതിനു ശേഷം. മലയാളരാജ്യം, നവജീവൻ, നവശക്തി, കഥാമാലിക, വിവേകോദയം, യുക്തിവാദി എന്നീ ആനുകാലികങ്ങളുടെ പത്രാധിപത്യവും വഹിച്ചു. ശ്രീമൂലം പ്രജാസഭാംഗമായിരുന്നു. പരവൂർ കോടതിയിൽ അഭിഭാഷകവൃത്തി. ആദ്യം പ്രസിദ്ധീകൃതമായ സമ്പൂർണ കൃതി വാല്മീകിരാമായണം- ഗദ്യം. അതിനു ശേഷം വ്യാസഭാരതം, പഞ്ചവടി തുടങ്ങിയ കൃതികൾ രചിച്ചു.
ശ്രീ കാർത്തികോദയം (കവിത), ഒരു നൂറ്റാണ്ടു മുമ്പ് (കഥകൾ), ശ്രീകോവിൽ, സോമനാഥൻ (നോവലുകൾ), ഞാൻ (ഓർമ്മ), ഉണ്ണിയാർച്ച: ഒരു പഠനം, ചേകവർ, ആശാൻ സ്മരണകൾ, ശ്രീനാരായണ സ്മൃതി തുടങ്ങിയവ മറ്ര് പ്രധാന കൃതികൾ.
കൊച്ചിക്ക ആയിരുന്നു ഭാര്യ. മക്കൾ: സി. കേശവന്റെ ഭാര്യ വാസന്തി, കെ. ദാമോദരൻ, പത്രാധിപർ കെ. സുകുമാരൻ.
1949 ഏപ്രിൽ 10-ന് 78-ാം വയസ്സിൽ അന്തരിച്ചു.