
വൈരുദ്ധ്യങ്ങളാൽ നെയ്തെടുത്തതാണ് തോപ്പിൽഭാസിയുടെ ജീവിതം. യൗവനാരംഭത്തിൽ പോരാളി, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മദ്ധ്യതിരുവിതാംകൂറിൽ വേരോട്ടമുണ്ടാക്കാൻ ഒളിവിലും തെളിവിലും അഹോരാത്രം പ്രയത്നിച്ച വിപ്ളവകാരി, നിയമസഭയിൽ കത്തിപ്പടർന്ന സാമാജികൻ, സാമൂഹിക വ്യവസ്ഥയുടെ ഇരുണ്ട വേലിക്കെട്ടിൽ തളയ്ക്കപ്പെട്ട മനുഷ്യരുടെ പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങൾ പകർത്തിയ നാടകകാരൻ, സംവിധായകൻ, സിനിമയ്ക്ക് വേറിട്ട ദൃശ്യഭാഷ നൽകിയ തിരക്കഥാകൃത്ത്.... ഇങ്ങനെ വ്യത്യസ്ത തലങ്ങളിലൂടെ വ്യാപിരിച്ച് ജീവിത സഞ്ചാരം പൂർത്തിയാക്കിയ തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദി വർഷമാണിത്.
1924 ഏപ്രിൽ എട്ടിന് ആലപ്പുഴ വള്ളികുന്നം ഗ്രാമത്തിൽ തോപ്പിൽ പരമേശ്വരൻപിള്ളയുടെയും നാണിക്കുട്ടി അമ്മയുടെയും മകനായാണ് തോപ്പിൽ ഭാസ്കരൻപിള്ള എന്ന തോപ്പിൽ ഭാസിയുടെ ജനനം. 34-ാം വയസിൽ തന്നെ ആത്മകഥയുടെ (ഒളിവിലെ ഓർമ്മകൾ) ആദ്യഭാഗമെഴുതാനും മാത്രം അനുഭവങ്ങളുടെ പരുക്കൻ വഴികൾ അദ്ദേഹം താണ്ടി. 24 മുതൽ 29 വയസു വരെയുള്ള കാലയളവിലെ ജീവിതമാണ് ആ ആത്മകഥയ്ക്ക് ആധാരമായതും.
ഒളിവിലെ ഓർമ്മകളുടെ ആദ്യ അദ്ധ്യായത്തിൽത്തന്നെ തോപ്പിൽഭാസി വരച്ചിടുന്നുണ്ട്, സ്വന്തം ജീവിതത്തിലെ വഴിത്തിരിവുകൾ. ''1948 മുതൽ ഏതാണ്ട് നാലു കൊല്ലത്തിലേറെ ഒളിവിലും ആറുമാസത്തിലധികം ലോക്കപ്പിലുമായി ഞാൻ ജീവിക്കുകയുണ്ടായി. എന്നെപ്പോലെ അനേകായിരം പേർ അക്കാലത്ത് അങ്ങനെ ജീവിച്ചു. ഒരുതരത്തിൽ ഭീകരമായിരുന്നു ആ ജീവിതം. പലരുമായി താരതമ്യപ്പെടുത്തുമ്പോൾ എന്റെ ജീവിതം ഭേദമായിരുന്നു. ഞാനൊരു വൈദ്യനാവാൻ ശ്രമിച്ചു- ഞാനൊരു വിപ്ളവകാരിയായി! ഞാനൊരുത്തിയെ വിവാഹം കഴിക്കാനുദ്ദേശിച്ചു- മറ്റൊരുത്തി എന്നെ പ്രേമിച്ചു- വേറൊരുവളെ വിവാഹം കഴിച്ചു! എന്റെ പെണ്ണ് എന്നെ വിചാരിച്ചും, ഞാൻ എന്റെ പെണ്ണിനെ വിചാരിച്ചും ധാരധാരയായി കണ്ണീരൊഴുക്കി. ഞാനും മരണവും ഒപ്പമൊപ്പം മത്സരിച്ച് ഓടുകയുണ്ടായി, രണ്ട് കൊല്ലം. ഒരിക്കൽപ്പോലും മരണത്തിന് എന്നെ പിന്നിലാക്കാൻ കഴിഞ്ഞില്ലെന്നുള്ളതിന് തെളിവാണ് ഞാൻ. ഒരു കോഴിയെ കൊല്ലുന്നതു കണ്ടാൽ കണ്ണടച്ചു കളയുന്ന ഞാൻ കൊല്ലാനും ചാകാനുമായി കഠാരയും കൊണ്ടു നടന്നു. ഇടതുകൈയിൽ കഠാര വച്ചുകൊണ്ട് വലതുകൈ കൊണ്ട് ഞാൻ കഥയും നാടകവുമെഴുതി. ഞാൻപോലും വിചാരിച്ചില്ല, ഞാനെഴുതുമെന്ന്. എന്തെന്ത് വൈരുദ്ധ്യങ്ങൾ!""
തീപ്പൊരിയും
ജ്വാലയും
തോപ്പിൽ ഭാസിയും കാമ്പിശ്ശേരി കരുണാകരനുമുൾപ്പെടെ വള്ളികുന്നത്തും പരിസരത്തുമുള്ള ഒരുപറ്റം യുവാക്കൾ ദേശീയ പ്രസ്ഥാനത്തോടുള്ള ആവേശത്തിന്റെ ബാക്കിപത്രമെന്ന നിലയ്ക്ക് കോൺഗ്രസിൽ സജീവമായിരുന്നു. കോൺഗ്രസിന് വേണ്ടത്ര വീര്യം പോരാഞ്ഞിട്ടോ, യുവാക്കൾക്ക് വീര്യം കൂടിപ്പോയിട്ടോ എന്തോ ഒരു ഘട്ടത്തിൽ കോൺഗ്രസുമായി ഒരു ചേർച്ചയില്ലായ്മ വന്നു. ഇക്കാര്യം എങ്ങനെയോ അറിഞ്ഞ് പുതുപ്പള്ളി രാഘവൻ ഇവരെ തേടിയെത്തി. ഒളിവിൽ കഴിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുകയാണ് അന്ന് പുതുപ്പള്ളി. പുതുപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഒരു സന്ധ്യയ്ക്ക് ചേലക്കോട്ടേത്ത് കുഞ്ഞിരാമന്റെ വീട്ടിൽ അവർ സന്ധിച്ചു.
കെ.എൻ.ഗോപാലൻ, സി.കെ. കുഞ്ഞിരാമൻ, കുഞ്ഞച്ചൻ, കിടങ്ങിലെ മാനേജർ എന്നിവരാണ് യോഗത്തിലുണ്ടായിരുന്നത്. വൈകാതെ പുതുപ്പള്ളി രാഘവനും എത്തി. കുഞ്ഞിരാമന്റെ ഏഴുവയസുകാരിയായ മകൾ ഭാർഗ്ഗവി കത്തിച്ചുവച്ച പൊട്ട മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ. അതിന്റെ തുടർച്ചയായി പ്രദേശത്ത് കമ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെട്ടു തുടങ്ങി. പുന്നപ്ര- വയലാർ സമരത്തിന്റെ അലയൊലികൾ കമ്യൂണിസ്റ്റ് അനുഭാവികൾക്ക് ആവേശമായി. മദ്ധ്യതിരുവിതാംകൂർ ഇളകിത്തരിച്ച നാളുകൾ.
പറവൂർ ടി.കെ. നാരായണ പിള്ളയുടെ നേതൃത്വത്തിലുള്ള തിരു- കൊച്ചി സർക്കാർ കമ്യൂണിസ്റ്ര് പ്രവർത്തകരെ നിരന്തരം വേട്ടയാടാൻ തുടങ്ങി. അക്ഷരാർത്ഥത്തിൽ നാട് പൊലീസ് രാജിനു കീഴിലായി. ജന്മിമാരുടെ ഗുണ്ടകളും പൊലീസും ഒരുപോലെ വേട്ടയാടലിന് ഇറങ്ങിയപ്പോൾ കമ്യൂണിസ്റ്ര് ആവേശം സിരകളിൽ ത്രസിച്ച തൊഴിലാളികൾ തിരിച്ചടിക്കാൻ തുടങ്ങി. 1949 ഡിസംബർ 31- ന് മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ട ശൂരനാട് സംഭവം അരങ്ങേറി. തോപ്പിൽഭാസി, പുതുപ്പള്ളി രാഘവൻ, ശങ്കരനാരായണൻ തമ്പി തുടങ്ങിയവർ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്ര് നേതാക്കൾ ഒളിവിൽ പോയി.
നിങ്ങളെന്നെ
കമ്യൂണിസ്റ്റാക്കി
ഒളിവ് ജീവിതകാലത്താണ് 'നിങ്ങളെന്നെ കമ്യൂണിസ്റ്രാക്കി' നാടകത്തിന്റെ പിറവി. സോമൻ എന്ന പേരിലാണ് നാടകം എഴുതിയത്. ശൂരനാട് കേസ് നടത്തിപ്പിനുള്ള വരുമാനത്തിനായി പുസ്തകം അച്ചടിച്ച് വില്പന തുടങ്ങി. വില ഒരു രൂപ എട്ട് അണ. ഇക്കാലത്ത്, 'എന്റെ മകനാണ് ശരി" എന്ന നാടകം അവതരിപ്പിച്ചിരുന്ന കെ.പി.എ.സിയുടെ നടത്തിപ്പുകാരായ അഡ്വ. ജനാർദ്ദനക്കുറുപ്പിന്റെയും അഡ്വ. പുനലൂർ രാജോഗാപാലൻ നായരുടെയും ശ്രദ്ധയിൽ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എത്തി. അവരാണ് ചില ഭേദഗതികൾ വരുത്തി നാടകം അവതരിപ്പിച്ചു തുടങ്ങിയത്. 1952 ഡിസംബർ ആറിന് ഉദ്ഘാടനം ചെയ്ത നാടകം കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വലിയ ഊർജ്ജമാണ് പകർന്നത്. ഏഴു പതിറ്റാണ്ടിനു ശേഷവും നിറഞ്ഞ സദസുകളിൽ കെ.പി.എ.സി ആ നാടകം അവതരിപ്പിക്കുന്നു! 19 നാടകങ്ങളാണ് പിന്നീട് കെ.പി.എ.സിക്കായി തോപ്പിൽ ഭാസി അണിയിച്ചൊരുക്കിയത്.
അരങ്ങും
അഭ്രവും
കെ.പി.എ.സി നാടകങ്ങളുടെ പിൻബലത്തിലാണ് തോപ്പിൽഭാസി അഭ്രപാളികളുടെ ലോകത്തേക്ക് എത്തുന്നത്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മുടിയനായ പുത്രൻ, അശ്വമേധം, ശരശയ്യ, യുദ്ധകാണ്ഡം, കൂട്ടുകുടുംബം, തുലാഭാരം, സർവേക്കല്ല് തുടങ്ങിയ നാടകങ്ങൾ സിനിമയാക്കിയപ്പോഴും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരു ഘട്ടത്തിൽ മലയാള ചലച്ചിത്ര മേഖലയെ നിയന്ത്രിച്ചിരുന്ന പ്രമുഖരിൽ ഒരാളായി മാറിയ ഭാസി, നൂറിലധികം സിനിമകൾക്ക് തിരക്കഥ എഴുതി, 13 സിനിമ സംവിധാനം ചെയ്തു.
വള്ളികുന്നത്തെ
അളിയന്മാർ
കടുത്ത ജാതിവ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്ത് പ്രദേശത്തെ അറിയപ്പെടുന്ന 'അളിയന്മാരാ'യിരുന്നു തോപ്പിൽഭാസിയും, ബാല്യം തൊട്ടേ കൂട്ടുകാരനായിരുന്ന കാമ്പിശ്ശേരി കരുണാകരനും. രണ്ട് ഇടത്തരം ജന്മികുടുംബങ്ങളിലെ അംഗങ്ങളായിരുന്നു ഭാസ്കര പിള്ളയും കരുണാകരനും. കരുണാകരൻ തിരുവനന്തപുരം സംസ്കൃത കോളേജിലും ഭാസ്കരൻപിള്ള ആയുർവേദ കോളേജിലും പഠിക്കാൻ ചേർന്നു. വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും കോളേജിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. പിൽക്കാലത്ത് രാഷ്ട്രീയത്തിലും അളിയന്മാർ ഒരുമിച്ചായി.
കാമ്പിശ്ശേരി 1952-ൽ കായംകുളം പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് ഇടതു സ്ഥാനാർത്ഥിയായി തിരു-കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തോപ്പിൽ ഭാസി 1953-ൽ കമ്യൂണിസ്റ്ര് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് വള്ളികുന്നം ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി. 54-ൽ ഭരണിക്കാവ് മണ്ഡലത്തിൽ നിന്ന് ജയിച്ച് തിരു-കൊച്ചി നിയമസഭയിലുമെത്തി. 1957-ൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് ഭാസി ഒന്നാം കേരള നിയമസഭയിൽ എത്തുന്നത്. ഭാസി പിൽക്കാലത്ത് നാടക, സിനിമാ രംഗത്ത് സജീവമായപ്പോൾ കാമ്പിശ്ശേരി ജനയുഗം പത്രത്തിന്റെ എഡിറ്റർ ആയി.