തിരുവനന്തപുരം: പാനൂരിലെ ബോംബ് നിർമ്മിച്ചതും അത് പൊട്ടി മരണപ്പെട്ടതും സി.പി.എം പ്രവർത്തകനാണെന്നും, അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മരിച്ചയാളുടെ സംസ്‌ക്കാരത്തിന് പോയതും സി.പി.എമ്മുകാരാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട്

പറഞ്ഞു.

2015-ൽ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ പൊയിലൂരിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചപ്പോഴും സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്നാണ് അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. തൃശൂരിൽ സി.പി.എം സംസ്ഥാന സമ്മേളനം നടന്നപ്പോൾ 577 രക്തസാക്ഷികൾക്കൊപ്പം ബോംബ് പൊട്ടിത്തെറിച്ച് മരിച്ചവരുടെ ചിത്രവും ഉണ്ടായിരുന്നു.

മാസ്‌ക്കറ്റ് ഹോട്ടലിൽ ശ്രീ. എമ്മിന്റെ മധ്യസ്ഥതയിൽ മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് ആർ.എസ്.എസും സി.പി.എമ്മും തമ്മിലുള്ള സംഘർഷമൊക്കെ അവസാനിച്ചു. യു.ഡി.എഫുകാരെ കൊല്ലാൻ വേണ്ടി ഉണ്ടാക്കിയ ബോംബാണോ എന്ന് മാത്രമെ അറിയാനുള്ളൂ. ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ ഇരുന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വൃത്തികേടുകളെയും അക്രമവാസനകളെയും പ്രോത്സാഹിപ്പിക്കുകയാണ്.

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിച്ച പിണറായി വിജയനാണ്, പ്രതിപക്ഷം തനിക്കെതിരെ കേന്ദ്ര ഏജൻസിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിലപിക്കുന്നത്. പേടിച്ചാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്. കിഫ്ബിക്കെതിരായ പ്രതിപക്ഷ നിലപാട് ശരിയായിരുന്നെന്ന് സുപ്രീം കോടതി വിധിയോടെ തെളിഞ്ഞെന്നും സതീശൻ പറഞ്ഞു.