വിതുര: വേനൽക്കാലത്ത് മലയോരമേഖലയിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി സർക്കാർ ആവിഷ്കരിച്ച നീരുറവ് പദ്ധതിയും വെള്ളത്തിലായി.
മലയോരമേഖലയിലെ മിക്കപഞ്ചായത്തുകളിലും പദ്ധതിനടപ്പിലാക്കിയിരുന്നു. എന്നാൽ അതിരൂക്ഷമായ വേനൽചൂട്മൂലം പദ്ധതി ലക്ഷ്യം കാണാതെ പോവുകയായിരുന്നു. കത്തിജ്വലിക്കുന്ന സൂര്യതാപമേറ്റ് ഗ്രാമീണമേഖല ഇതിനകം വരണ്ടുണങ്ങിക്കഴിഞ്ഞു. കൃഷികൾ മുഴുവൻ ഉണങ്ങി. തൊണ്ട നനയ്ക്കുവാൻ ഒരിറ്റ് വെള്ളത്തിനായി പരക്കം പായേണ്ട അവസ്ഥയാണ് നിലവിൽ.
വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളാണ് കൂടുതലും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമർന്നത്. പഞ്ചായത്തിലെ മിക്കമേഖലകളിലും പൈപ്പ് ലൈൻ കടന്നുവന്നിട്ടില്ല. വേനൽമഴപോലും കിട്ടാതായതോടെ കിണറുകൾ മുഴുവൻ വറ്റി.
കുടിവെള്ളക്ഷാമം ഇവിടെ
തൊളിക്കോട് പഞ്ചായത്തിലെ പച്ചമല, തേക്കുംമൂട് ഉണ്ടപ്പാറ
വിതുര പഞ്ചായത്തിലെ പോറ്റിക്കുന്ന് പ്രദേശങ്ങൾ
ഉദ്ഘാടനം അടുത്ത വർഷം
കിലോമീറ്ററുകളോളം നടന്ന് നദിയിൽ നിന്നും മറ്റും ശേഖരിച്ച് കൊണ്ടുവരുന്ന ജലമാണ് നാട്ടുകാർ ഉപയോഗിക്കുന്നത്. കാലങ്ങളായുള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പത്ത് വർഷംമുമ്പ് ആവിഷ്കരിച്ച ശുദ്ധജല പദ്ധതി ഇനിയും പൂർത്തിയാക്കിയിട്ടില്ല. പദ്ധതിയുടെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം ഉദ്ഘാടനം നടത്താനാണ് തീരുമാനം.
നീരുറവ് പദ്ധതി
വിവിധ വകുപ്പുകളുടെ കീഴിലുള്ള നീർത്തട പദ്ധതികളെ സംയോജിപ്പിച്ച് നടപ്പാക്കിയ പദ്ധതിയാണ് നീരുറവ്. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതമിഷനും തൊഴിലുറപ്പ് പദ്ധതിയും പഞ്ചായത്തുകളും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. മുൻവർഷങ്ങളിൽ നേരിട്ട കടുത്ത ജലക്ഷാമം വിലയിരുത്തിയാണ് ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാൻ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ആദിവാസി മേഖലകളിലുള്ള കുളങ്ങൾ, കൈത്തോടുകൾ, നീരൊഴുക്കുകൾ എന്നിവ സംരക്ഷിക്കുവാൻ നടപടികൾ സ്വീകരിച്ചു.
പ്രവർത്തനങ്ങൾ ഇതുവരെ
1. പഴയ കുളങ്ങളും കൈത്തോടുകളും നീർച്ചാലുകളും വൃത്തിയാക്കി.
2.ചുറ്റുമുള്ള കാടും പടർപ്പും നീക്കി കല്ലടുക്കി.
3.മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി വലകൾകൊണ്ട് സുരക്ഷാവേലികൾ നിർമ്മിച്ചു. 4.വിതുര പഞ്ചായത്തിലൂടെ ഒഴുകുന്ന വാമനപുരം നദിയിലും കരമനയാറിലും ശുചീകരണം നടത്തി.
തിരിച്ചടിയായി വരൾച്ച
മണ്ണ്, ജലസംരക്ഷണം, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ നിരവധി പദ്ധതികളാണ് നീരുറവിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. കൂടാതെ തൊഴിലുറപ്പ് തൊഴിലാളികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും തൊഴിൽസാദ്ധ്യതയും തുറക്കാനായിരുന്നു തീരുമാനം. പഞ്ചായത്തുകൾ ഇരുകൈയും നീട്ടിയാണ് നീരുറവിനെ ഏറ്റെടുത്തത്. എന്നാൽ കടുത്തവരൾച്ച പദ്ധതിക്ക് തിരിച്ചടിയായി മാറുകയായിരുന്നു.
പ്രതികരണം
വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണണം.തൊളിക്കോട്, വിതുര ശുദ്ധജലപദ്ധതി അടിയന്തരമായി പൂർത്തിയാക്കണം.
ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ.