2

കുളത്തൂർ: റേസിംഗ് ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരനും ബൈക്ക് ഓടിച്ച യുവാവുമാണ് മരിച്ചത്. ബൈക്കിന് പിന്നിൽ യാത്രചെയ്തിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽനടയാത്രക്കാരനായ കുളത്തൂർ കോരാളംകുഴി മണ്ണാൻവിളാകത്ത് വീട്ടിൽ സുനീഷ് (29), റേസിംഗ് ബൈക്ക് ഓടിച്ചിരുന്ന ബി.ബി.എ വിദ്യാർത്ഥി അൽ താഹിർ (20) എന്നിവരാണ് മരിച്ചത്.അട്ടക്കുളങ്ങര മുസ്ലിം പള്ളിക്ക് സമീപം ടി.സി 39 /1173ൽ മുജീബ് റഹ്‌മാന്റെ മകനാണ് അൽതാഹിർ.

അൽ താഹിറിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന മണക്കാട് സ്വദേശി അൽ അമാനിനെ (19) ഗുരുതര പരിക്കുകളോടെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ബൈക്ക് നിറുത്താതെ പോയി.ഈ ബൈക്ക് സിസിടിവി ദൃശ്യങ്ങളിലുണ്ട്.എന്നാൽ ബൈക്കിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

കഴക്കൂട്ടം -ചാക്ക ദേശീയപാതയിൽ കുളത്തൂർ ഇൻഫോസിസിന് സമീപം തമ്പുരാൻമുക്കിൽ ഇന്നലെ പുലർച്ചെ 2.30നായിരുന്നു അപകടം.പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ സുനീഷ് ചായ കുടിക്കാൻ കടയിലേക്ക് പോകാനായി ദേശീയപാതയിലെ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.ചാക്ക ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ രണ്ട് ബൈക്കുകളിലൊന്ന് സുനീഷിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുനീഷും അൽ താഹിറും റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽപ്പെട്ട ബൈക്ക് 100 മീറ്റർ അകലേക്ക് തെറിച്ചുപോയി. ഓടിക്കൂടിയ നാട്ടുകാരും തുമ്പ പൊലീസും ചേർന്ന് ഉടൻ മൂവരെയും പൊലീസ് ജീപ്പിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സുനീഷിനേയും അൽ താഹിറിനേയും രക്ഷിക്കാനായില്ല.

കുളത്തൂർ കോരാളംകുഴി മണ്ണാൻവിളാകത്ത് വീട്ടിൽ കൂലിപ്പണിക്കാരനായ സുനിലിന്റേയും പ്രശോഭനയുടെയും മൂത്ത മകനാണ് പെയിന്റിംഗ് തൊഴിലാളിയായ സുനീഷ്.ഭാര്യ:ശരണ്യ. എട്ടുവയസുകാരിയായ സുചിത്രയാണ് മകൾ.സുമേഷ്,സുഗീഷ് എന്നിവർ സഹോദരങ്ങളാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച സുനീഷിന്റെ മൃതദേഹം വൈകിട്ട് 4ഓടെ കുളത്തൂർ കോലത്തുകര ശ്മശാനത്തിൽ സംസ്കരിച്ചു.