
വർക്കല: സ്വകാര്യ ബസുകളുടെ അമിതവേഗത മൂലം നിരത്തുകളിൽ പൊലിയുന്നത് വിലപ്പെട്ട ജീവനുകൾ.ഇന്നലെ രാവിലെ 6ഓടെ വർക്കല മൈതാനം - റെയിൽവേ സ്റ്റേഷൻ റോഡിൽ സ്കൂട്ടറിൽ സ്വകാര്യബസിടിച്ച് വീട്ടമ്മ മരിച്ചു. കായിക്കര കോവിൽത്തോട്ടം വൃന്ദാവനം വീട്ടിൽ എം.പ്രതിഭയാണ് (46) മരിച്ചത്.കൊല്ലത്തു നഴ്സിംഗിന് പഠിക്കുന്ന മകൾ വിഷ്ണുപ്രിയയെ ട്രെയിൻ കയറ്റി വിടാൻ ഭർത്താവ് വിജയകുമാറിനൊപ്പം സ്കൂട്ടറിൽ വർക്കലയിലേക്ക് വരുമ്പോഴായിരുന്നു അത്യാഹിതം. വിജയകുമാറാണ് ഹോണ്ട ആക്റ്രിവ സ്കൂട്ടറോടിച്ചിരുന്നത്. മകൾ നടുക്കും പ്രതിഭ ഏറ്റവും പിന്നിലുമാണ് ഇരുന്നത്. സ്‌കൂട്ടറിനെ ഓവർ ടേക്ക് ചെയ്യവെ ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടി.റോഡിലേക്ക് തെറിച്ചുവീണ പ്രതിഭയുടെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റു.വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിജയകുമാറിനും മകൾക്കും നിസാര പരിക്കേറ്രു.കൈയ്ക്കും കാലിനുമാണ് മുറിവേറ്റത്.എന്നാൽ ഗുരുതരമല്ല. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് വിജയകുമാർ. ഹരിതകർമ്മ സേനയിലെ താത്കാലിക ജീവനക്കാരിയാണ് പ്രതിഭ. വർക്കല - വെഞ്ഞാറമൂട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് ഇടിച്ചത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അഞ്ചുതെങ്ങ് സ്വദേശിയായ ബസ് ഡ്രൈവറെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിഭയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു,. മകൻ:ഒമ്പതാം ക്ളാസുകാരനായ വിഷ്‌ണുനാഥ്.