തിരുവനന്തപുരം: ആറ് ക്രെയിനുകളുമായി ഷെൻഹുവ 16 എന്ന കപ്പൽ ഇന്നുരാവിലെ വിഴിഞ്ഞം തുറമുഖത്തെത്തും. കാന്റിലിവർ റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളാണ് കപ്പലിലുള്ളത്.കപ്പലിനെ തുറമുഖത്ത് അടുപ്പിക്കുന്നതിനായി ഓഷ്യൻ സ്‌പിരിറ്റ് എന്ന ടഗ്ഗും വാട്ടർലൈൻ ലോജിസ്‌റ്റിക്‌സ് ഏജൻസിയുടെ നേതൃത്വത്തിലുള്ള സംഘവും പൂർണസജ്ജരാണ്. 17, 23 തീയതികളിലായി ഷെൻഹുവ -35,ഷെൻഹുവ -34 എന്നീ രണ്ട് കപ്പലുകൾ കൂടി ക്രെയിനുകളുമായി വിഴിഞ്ഞത്ത് എത്തും.
ഇനി 17 ക്രെയിനുകൾ
ഇനി 17 ക്രെയിനുകളാണ് എത്തിക്കേണ്ടത്.ആകെ വേണ്ട 32 ക്രെയിനുകളിൽ 15 എണ്ണം എത്തിച്ചു. 14 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളും 4 ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് ഇനി വരേണ്ടത്. 2 ഷിപ്പ് ടു ഷോർ ക്രെയിനും 4 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളും മൂന്നാമത്തെ കപ്പലിൽ 2 ഷിപ്പ് ടു ഷോർ ക്രെയിനും 3 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് വരും ദിവസങ്ങളിൽ വിഴിഞ്ഞത്ത് എത്തുന്നത്. അടുത്ത മാസം തുറമുഖത്തിന്റെ ട്രയൽ റൺ നടക്കും. ഓണത്തിന് തുറമുഖം പൂർണ്ണ സജ്ജമാക്കാനാണ് ലക്ഷ്യം.
 നിർമ്മാണം ദ്രുതഗതിയിൽ
800 മീറ്ററുള്ള ബർത്തിൽ 650 മീറ്ററിലേറെ പൂർത്തിയായിട്ടുണ്ട്. പുലിമുട്ട് നിർമ്മാണം 2800 മീറ്റർ പിന്നിട്ടു.ആദ്യഘട്ടം ആകെ വേണ്ടത് 2950 മീറ്ററാണ്. യാർഡ് നിർമ്മാണം വേഗത്തിൽ നടക്കുകയാണ്.തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ആധുനിക രീതിയിലുള്ള ജിയോസെൽ റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പൂർത്തിയായ റോഡിന് മുകളിൽ ടൈൽ പാകുന്ന ജോലിയാണ് നടക്കുന്നത്.