തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോൾ ഏഴ് സിറ്റിംഗ് സീറ്റുകളിൽ യു.ഡി.എഫ് നേരിടുന്നത് കടുത്ത മത്സരം.

തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, തൃശൂർ, ആലത്തൂർ, വടകര, കണ്ണൂർ എന്നിവിടങ്ങളിലാണ് പോര് മുറുകുന്നത്. ഇതിൽ

തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങളിൽ ത്രികോണപ്പോരാണ്.

കഴിഞ്ഞ തവണ വിജയിച്ച മണ്ഡലങ്ങൾ നിലനിറുത്താൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ ഇവ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് എൽ.ഡി.എഫ്. അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ശബരിമല പോലെ വിശ്വാസം വ്രണപ്പെടുത്തുന്ന സാഹചര്യമില്ലെങ്കിലും പൗരത്വനിയമഭേദഗതി ചർച്ചയാകുന്നുണ്ട്.

തലസ്ഥാനത്ത് ഹാട്രിക് ജയം നേടിയ ഡോ. ശശി തരൂർ ഇത്തവണ കടുത്ത മത്സരമാണ് ഇരുമുന്നണികളിൽ നിന്നും നേരിടുന്നത്. രണ്ട് തവണയും മൂന്നാം സ്ഥാനത്തെത്തിയ എൽ.ഡി.എഫ് ജാഗ്രതയിൽ പ്രചാരണം നയിക്കുമ്പോൾ അക്കൗണ്ട് തുറക്കുമെന്നാണ് എൻ.ഡി.എ പറയുന്നത്.

2019ൽ ആറ്റിങ്ങലിൽ 38,000ലധികം ഭൂരിപക്ഷത്തിന് ജയിച്ച അടൂർ പ്രകാശും ഇത്തവണ നേരിടുന്നത് കടുത്ത മത്സരം. ജില്ലാ സെക്രട്ടറി കൂടിയായ വി. ജോയിയിലൂടെ കഴിഞ്ഞ തവണ നഷ്ടമായ 11 ശതമാനം വോട്ടും മണ്ഡലവും തിരികെപ്പിടിക്കാമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. വോട്ടുവിഹിതമുയർത്തി ജയമുറിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയുടെ വി. മുരളീധരൻ

 ആലപ്പുഴയിലും ഇഞ്ചോടിഞ്ച്

സി.പി.എമ്മിന്റെ ഏക സിറ്റിംഗ് സീറ്റായ ആലപ്പുഴ നിലനിറുത്താൻ എ.എം. ആരിഫ് പ്രചാരണം ശക്തമാക്കുമ്പോൾ കെ.സി. വേണുഗോപാലിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും ശക്തമായി രംഗത്തുണ്ട്. മണ്ഡലം മാറി കെ. മുരളീധരൻ തൃശൂരിലെത്തിയതോടെയാണ് തൃശൂർ ത്രികോണപോരിന് വേദിയായത്. മുൻമന്ത്രിയും ജനകീയനുമായ എൽ.ഡി.എഫിന്റെ സുനിൽകുമാറിനൊപ്പം ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ്‌ഗോപി കൂടി കളത്തിലിറങ്ങി മത്സര ഫലം പ്രവചനാതീതമായി. ആലത്തൂരിൽ കെ. രാധാകൃഷ്ണനിലൂടെ സീറ്റ് തിരിച്ചു പിടിക്കാമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.

വടകരയിലെ ഷാഫി പറമ്പിൽ കെ.കെ. ഷൈലജ മത്സര ഫലവും പ്രവചനാതീതമാണ്. കഴിഞ്ഞതവണ 49.81 ശതമാനം വോട്ടാണ് യു.ഡി.എഫ് വടകരയിൽ നേടിയത്. 50 ശതമാനം വോട്ട് നേടി കണ്ണൂർ പിടിച്ച കെ. സുധാകരനിൽ നിന്ന് മണ്ഡലം തിരികെയെടുക്കാൻ എൽ.ഡി.എഫിനായി എം. വിജയരാജനാണ് രംഗത്തുള്ളത്. ഇതിനു പുറമേ വടക്കൻ കേരളത്തിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം വർദ്ധിക്കുമോയെന്നും കണ്ടറിയേണ്ടതുണ്ട്.