
തിരുവനന്തപുരം: പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നന്തൻകോട് എൻ.എൻ.എ.ആർ.എ 138 ചന്ദ്രഭവനിൽ അനിൽദാസിനെയാണ് (37) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനികൾ അനിൽദാസിന്റെ വീടിന് സമീപത്താണ് വാടകയ്ക്ക് താമസിക്കുന്നത്. രാത്രി ഒമ്പതോടെ അനിൽദാസ് പെൺകുട്ടികൾ താമസിക്കുന്ന വീട്ടുവളപ്പിൽ കയറുകയും തുടർന്ന് കുളിമുറിയിൽ മൊബൈൽ ഫോൺ വച്ച് റെക്കാഡ് ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. വിദ്യാർത്ഥിനികളിൽ ഒരാൾ മൊബൈൽ കണ്ടെത്തുകയും വിവരം നാട്ടുകാരെ അറിയിച്ചു.തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച അനിൽദാസിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.