തിരുവനന്തപുരം: തലസ്ഥാനത്ത് ഐഫോൺ നിർമ്മാണ യൂണിറ്റ് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരം ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ജവഹർനഗറിലെ ചേംബർ ഹൗസിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025ഓടെ ഐ ഫോണുകളുടെ ഇന്ത്യയിലെ നിർമ്മാണം 15 ശതമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്കിനെ 2021ൽ പറഞ്ഞിരുന്നു. ഇതിന്റെ ഒരു ചെറിയ ശതമാനമെങ്കിലും തിരുവനന്തപുരത്ത് കൊണ്ടുവരാൻ തനിക്ക് സാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.വിഴിഞ്ഞം തുറമുഖം ഏതാണ്ട് പ്രവർത്തനസജ്ജമായി വരികയാണ്.ടൂറിസം സാദ്ധ്യതകളുള്ള പ്രദേശങ്ങളിലേക്ക് നേരിട്ട് വികസന ഫണ്ട് ലഭ്യമാക്കുന്ന ഡെസ്റ്റിനേഷൻ ഫണ്ടിംഗ് എന്ന പുതിയ രീതിയാണ് മോദി സർക്കാരിന്റെ ലക്ഷ്യം. ടൂറിസത്തിനും ഐടിക്കുമൊപ്പം ഡിജിറ്റൽ സ്റ്റാർട്ടപ്പുകൾ, ഇലക്ട്രോണിക്സ് സാമഗ്രികളുടെ നിർമ്മാണം, മികച്ച റിസർച്ച് സെന്ററുകൾ, മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള ബ്ലൂ ഇക്കണോമി വിപുലീകരണമൊക്കെ തിരുവനന്തപുരത്ത് നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.