padam

കൊച്ചി: പള്ളുരുത്തി മധുര കമ്പനിക്കു സമീപം നിറുത്തിയിട്ടിരുന്ന കാറിൽ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന 174 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയ കേസിൽ ഒരാൾകൂടി പിടിയിലായി. പാലക്കാട് വെസ്റ്റ് മണ്ണൂർ സ്വദേശി മുഹമ്മദ് അഷിഖാണ് പിടിയിലായത്. ആറ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ ഏഴിന് എറണാകുളത്തുള്ള ആൻ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കാറിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സ്ഥാപനത്തിൽനിന്ന് കാർ വാടകയ്ക്ക് എടുത്തവരെക്കുറിച്ച് വിവരം ലഭിക്കാതായപ്പോൾ കാറുടമ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൂടിയിട്ടനിലയിൽ കാർ കണ്ടെത്തിയത്. പള്ളുരുത്തി മധുരക്കമ്പനി റോഡിലാണ് കാർ കിടന്നിരുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കാറിന്റെ ഉള്ളിൽനിന്ന് ചാക്കുകളിലാക്കിയ കഞ്ചാവ് കണ്ടെടുത്തത്. ഗുണ്ടകളെ അമർച്ചചെയ്യാൻ രൂപീകരിച്ച് പ്രത്യേക സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ കെ.ആർ മനോജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.