s

കാളികാവ് : തോക്കും തിരകളും മാൻകൊമ്പുകളും വെടിമരുന്നുമായി പൊലീസ് പിടിയിലായ കുന്നത് ജരീറിനെതിരെ(42) വനം വകുപ്പ് കേസെടുത്തു. ചോക്കാട് ചിങ്കക്കല്ല് മലവാരത്തിലെ ചീച്ചിപ്പാറയിൽ പൊലീസും വനംവകുപ്പും സംയുക്തമായി മഹസർ തയ്യാറാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ജരീർ പിടിയിലായത്. ഇയാളെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു. പ്രതിയിൽ നിന്ന് മാൻകൊമ്പുകൾ പിടിച്ചെടുത്തതോടെയാണ് വനംവകുപ്പ് കേസെടുത്തത്.
ചിങ്കക്കല്ല് മലമുകളിലെ ചീച്ചിപ്പാറ അമ്പത് ഏക്കറിലെ കൃഷിയിടത്തിലെ ഷെഡ്ഡിലെത്തിയാണ് പൊലീസും വനം വകുപ്പും സംയുക്തമായി മഹസർ തയ്യാറാക്കിയത്. റിമാൻഡിൽ കഴിയുന്ന പ്രതിയെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും. ഒരു നാടൻ തോക്കും രണ്ട് മാൻ കൊമ്പുകളും 10 തിരകളും 34 ഉപയോഗിച്ച തിരകളും 120 ഗ്രാം വെടിമരുന്നുമാണ് ജരീറിന്റെ ഷെഡ്ഡിൽ നിന്നും പൊലീസ് പിടികൂടിയത്. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ
അരുൺദേവ്, മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിനോദ്, അഭിലാഷ്, പ്രജിത്ത്, സനിത, ഫോറസ്റ്റ് വാച്ചർ
രാജേഷ്, എസ്.സി.പി.ഒ അരുൺ കുമാർ, ജിതിൻ, സി.പി.ഒ വിനു തുടങ്ങിയവരാണ് ചീച്ചിപ്പാറ മലയിലെത്തി നടപടികൾ സ്വീകരിച്ചത്.