photo

തിരുവനന്തപുരം: ശംഖുംമുഖം തീരത്ത് മുട്ടയിടാനെത്തിയ കടലാമ കൗതുകമായി. കഴിഞ്ഞ ദിവസം തീരത്ത് കയറിയ കടലാമ 81 മുട്ടകളാണിട്ടത്. പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ കൽമണ്ഡപത്തിന് സമീപം പ്രത്യേകം തീർത്ത കുഴിയിലേക്ക് മുട്ടകൾ മാറ്റി. നാലുചുറ്റും നെറ്റുകൾ കൊണ്ട് സംരക്ഷണമൊരുക്കി പ്രവേശനം വിലക്കുന്ന ബോ‌ർഡും സ്ഥാപിച്ചു.

ഞായറാഴ്ച രാത്രിയോടെയാണ് ശംഖുംമുഖം തീരത്ത് ഒലീവ് റെഡ്ലി ഇനത്തിൽപ്പെട്ട കടലാമ മുട്ടയിടാനെത്തിയത്. സ്ഥലത്തെത്തിയ പരിസ്ഥിതി പ്രവർത്തകനും വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ ഫീൽഡ് ഓഫീസറുമായ അജിത് കടലാമയ്ക്ക് മുട്ടയിടാനുള്ള സൗകര്യമൊരുക്കി. പ്രജനനത്തിനായി കിലോമീറ്ററുകൾ താണ്ടിയെത്തുന്ന കടലാമകൾ രാത്രി സമയങ്ങളിൽ കരയിലേക്ക് കയറി വലിയ കുഴിയുണ്ടാക്കി മുട്ടയിട്ട് പോകാറാണ് പതിവ്. മുട്ട വിരിഞ്ഞ് ആമക്കുഞ്ഞുങ്ങൾ കടലിലേക്ക് ഇറങ്ങിപ്പോകും. 42 ദിവസമാണ് മുട്ടവിരിയാനുള്ള സമയം. എട്ടിനം കടലാമകളുള്ളതിൽ കേരളതീരത്ത് കൂടുതലായി എത്തുന്നത് ഒലീവ് റെഡ്ലി ഇനത്തിൽപെട്ടവയാണ്. കടലിലെ മീൻമുട്ടകളെ ഭക്ഷിക്കുന്ന ജെല്ലി ഫിഷ്, മത്സ്യസമ്പത്തിന്റെ നാശത്തിന് കരണമാകുന്ന വിഷമത്സ്യങ്ങൾ, കൂണുകൾ എന്നിവയെ ഭക്ഷിച്ച് മത്സ്യസമ്പത്ത് നിലനിറുത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നവരാണ് കടലാമകൾ.