പണം അടച്ചതായി രജിസ്റ്ററിൽ രേഖപ്പെടുത്തി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പണം വാങ്ങാതെ ബന്ധുവിന് അനധികൃതമായി സി.ടി സ്‌കാൻ എടുത്ത് നൽകിയെന്ന ആരോപണത്തിൽ രണ്ട് ജീവനക്കാരെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് മാറ്റി. എച്ച്.ഡി.എസ് (ഹോസ്‌പിറ്റൽ ഡെവലപ്മെന്റ് കമ്മിറ്റി) ജീവനക്കാരായ സുനിൽ, രാജു എന്നിവർക്കെതിരെയാണ് നടപടി. സ്‌കാനിംഗിനുള്ള തുക അടയ്ക്കാതെ രജിസ്റ്ററിൽ പണം അടച്ചതായി രേഖപ്പെടുത്തിയായിരുന്നു ക്രമക്കേട്. സംഭവം വിവാദമായതോടെയാണ് ആശുപത്രി സൂപ്രണ്ട് രണ്ടു പേരെയും താത്കാലികമായി മാറ്റി നിറുത്തി അന്വേഷണത്തിന് ഉത്തരവിട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ന്യൂറോ സി.ടി സ്‌കാനിലെ എച്ച്.ഡി.എസ് ജീവനക്കാരൻ രാജുവിന്റെ ബന്ധുവിന് അത്യാഹിത വിഭാഗത്തിൽ സി.ടി എടുക്കാനെത്തി. ഈ സമയം സുനിലായിരുന്നു ഇവിടെ ഡ്യൂട്ടിയിൽ. എന്നാൽ ന്യൂറോ സിടിയിൽ ജോലിയിൽ ഉണ്ടായിരുന്ന രാജു നേരിട്ടെത്തി അത്യാഹിത വിഭാഗത്തിലെ രജിസ്റ്ററിൽ പണം അടച്ചതായി എഴുതിയ ശേഷം സി.ടി എടുത്തു നൽകി. സ്കാനിംഗിന് അടയ്ക്കേണ്ട 1000രൂപ അടയ്ക്കാതെയായിരുന്നു രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. പിറ്റേദിവസം സംഭവം വിവാദമായപ്പോൾ നടത്തിയ പരിശോധനയിൽ 1000 രൂപയുടെ കുറവ് വന്നു. കുറവുള്ള പണം അടയ്ക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽ തയാറായി. അനധികൃതമായി അത്യാഹിത വിഭാഗത്തിലെ രജിസ്റ്റർ കൈകാര്യം ചെയ്തതിനാണ് രാജുവിനെ സസ്‌പെൻഡ് ചെയ്തത്.

പണം വാങ്ങാതെ സി.ടി എടുത്തു നൽകിയതിനും രജിസ്റ്ററിൽ ദുരുപയോഗം ചെയ്യാൻ അനുവദിച്ചതിന് സുനിലിനെതിരെയും നടപടിയെടുക്കുകയായിരുന്നു. എന്നാൽ സസ്‌പെൻഡ് ചെയ്തതായി ഉത്തരവ് നൽകിയിട്ടില്ല.