photo

നെടുമങ്ങാട് : പൂക്കളും പുഞ്ചിരിയുമായി സ്വീകരണ വേദികൾക്ക് ആർദ്രത പകരുകയാണ് കുഞ്ഞുങ്ങൾ.അടവും തടവും നിറഞ്ഞ തിരഞ്ഞെടുപ്പ് കളരിയിൽ ഇപ്പോൾ താരങ്ങൾ അവരാണ് ! പോരാട്ടച്ചൂടിലും സ്ഥാനാർത്ഥികൾ കുട്ടികളെ ലാളിച്ച് അവരിലൊരാളായി മാറുന്ന അപൂർവ നിമിഷങ്ങൾ.സ്വീകരണ കേന്ദ്രങ്ങളിൽ പരമാവധി കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുന്നതിൽ മുന്നണി വ്യത്യാസമില്ല.വേനൽ അവധിക്കാലമായതിനാൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് പ്രയാസവുമില്ല.ആറ്റിങ്ങലിലെ ഇടത് സ്ഥാനാർത്ഥി വി.ജോയിയെ ഇന്നലെ ബാല്യത്തിന്റെ നിഷ്കളങ്ക മുഖങ്ങൾ ആവോളം സ്നേഹം പങ്കിട്ടാണ് സ്വീകരണ പര്യടനത്തിലേക്ക് ആനയിച്ചത്.കാട്ടാക്കട മണ്ഡലത്തിലെ പള്ളിമുക്കിൽ പട്ടം പറത്തിയും ബലൂൺ ഉയർത്തിയും മധുരം പങ്കിട്ടും സ്വീകരണവേദി കൈയടക്കിയ കുരുന്നുകൾ 'ജോയി അണ്ണന്" ചക്കരയുമ്മയും സമ്മാനിച്ചാണ് യാത്രയയച്ചത്. ചെറുകോട് ഉച്ചവിശ്രമം കഴിഞ്ഞ് രാത്രി പാപ്പനത്ത് പര്യടന സമാപനം.ഇന്ന് വാമനപുരം മണ്ഡലത്തിലെ പാലാംകോണത്ത് തുടങ്ങി ആനാട് മൂഴിയിൽ സമാപിക്കുമെന്ന് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എ.എം.റൈസും കൺവീനർ ഇ.എ.സലിമും അറിയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ഇന്നലെ വാമനപുരത്ത് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിൽ പര്യടനം നടത്തി.നാട്ടിടവഴികളിലെ പൂക്കളും പച്ചിലയും കോർത്തുണ്ടാക്കിയ മാലയും ഖദർ ഷാളുമായി വിവിധ കേന്ദ്രങ്ങളിൽ കുട്ടികളുടെ നിര സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തി. കൊന്നപ്പൂക്കളും,തലപ്പാവുമണിയിച്ച് സ്നേഹ സ്വീകരണം.നെല്ലനാട് കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷെഫീർ പര്യടനം ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആനക്കുഴി ഷാനവാസ്‌ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ബിനു.എസ്. നായർ,ഇ.ഷംസുദ്ധീൻ, രമണി.പി.നായർ,ആനാട് ജയൻ, ബി.സുശീലൻ, കല്ലറ അനിൽകുമാർ,ഡി.സനൽകുമാർ,എം.എസ്.ഷാജി,ബി.കെ.ഹരി,ചിറവിള രവി എന്നിവർ പങ്കെടുത്തു.കളമച്ചൽ,കുറ്റിമൂട് വഴി പേരുമലയിൽ വിശ്രമത്തിന് ശേഷം രാത്രി ചുള്ളിമാനൂർ വഞ്ചുവത്ത് സമാപിച്ചു.ഇന്ന് രാവിലെ പെരിങ്ങമ്മല,കുറുപുഴ,പാങ്ങോട് തോട്ടം മേഖലയിലും വൈകിട്ട് ആര്യനാട്,അരുവിക്കര മേഖലകളിലും സ്വീകരണത്തിനെത്തും.എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരനും വാമനപുരം മണ്ഡലത്തിലാണ് സ്വീകരണ പര്യടനം നടത്തിയത്. കൊന്നപ്പൂക്കളുമായി ബാലികാബാലന്മാരും ഖദർ കാവിത്തൊപ്പി അണിഞ്ഞ പ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ ഊഷ്മള വരവേല്പ് ഒരുക്കി. വിവിധ കേന്ദ്രങ്ങളിൽ പുതുതായി പാർട്ടിയിൽ ചേർന്ന പ്രവർത്തകർക്കൊപ്പം വന്ദേമാതരം മുഴക്കി മുന്നോട്ട്. കല്ലറ വെള്ളംകുടിയിൽ ആരംഭിച്ച പര്യടനം പനവൂർ മൂന്നാനകുഴിയിൽ സമാപിച്ചു. ഇന്ന് രാവിലെ ആര്യനാട് മേഖലയിൽ സ്വീകരണ പര്യടനം തുടരും.