
ആധുനിക രീതിയിൽ കെട്ടിട നിർമ്മാണം പൂർത്തിയായി
പാറശാല: പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന ഹൈടെക് മന്ദിരസമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായി. ഒന്നാം ഘട്ടമായി 33കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച മന്ദിരത്തിൽ സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്നതും ആധുനിക ചികിത്സാ സംവിധാനങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. ആശുപത്രിയുടെ പുതിയ മന്ദിരത്തിനുള്ളിൽ സ്ഥാപിക്കുന്ന ആധുനിക ചികിത്സാ ഉപകരണങ്ങളുടെ സജ്ജീകരണങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. കിഫ്ബിയുടെ ധനസഹായത്തോടെ ഒന്നാംഘട്ടമായി നിർമ്മിക്കുന്ന നാലു നില കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ലിഫ്ട്, എസ്‌കലേറ്റർ എന്നിവയ്ക്ക് പുറമെ ട്രോമാ കെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ പ്രവർത്തനങ്ങളും പൂർത്തിയായി വരികയാണ്. പാറശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയുടെ വികസനം ഉറപ്പുവരുത്തുന്നതിനായി 153 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതനുസരിച്ചുള്ള ഒന്നാംഘട്ട പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. കൂടാതെ 55 കോടി രൂപയുടെ മറ്റൊരു പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ഇതര മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിലുള്ള ആധുനിക ചികിത്സാ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
മികച്ച ആശുപത്രിയായി മാറും
തമിഴ്‌നാടിന്റെ അതിർത്തി പങ്കിടുന്ന പാറശാലയിൽ ഈ പുതിയ മന്ദിര സമുച്ചയം പ്രവർത്തനമാരംഭിക്കുന്നതോടെ പാറശാലയിലെ നാട്ടുകാർക്ക് പുറമെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ ജനങ്ങൾക്ക് ആധുനിക ചികിത്സാസൗകര്യം ലഭ്യമാകുന്ന മികച്ച ആശുപത്രിയായി മാറും. മുട്ട് മാറ്റിവയ്ക്കൽ ഉൾപ്പെടെ മുട്ടുവേദനക്കുള്ള ശാശ്വത പരിഹാരമായി രോഗിയുടെ മുട്ടിലെ ലിഗ്‌മെന്റ് പുനഃസ്ഥാപിക്കുന്ന താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയ ജില്ലയിലെ മെഡിക്കൽ കോളേജ് ഇതര ഏക ആശുപത്രിയാണ് പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി. വിപുലമായ സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് യൂണിറ്റ്, മാതൃശിശു ബ്ലോക്ക്, ഒഫ്താൽമിക് വിഭാഗം, ലേഡീസ് അമിനിറ്റി സെന്റർ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്.
ആരോഗ്യ കേരളം പരിപാടിയുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ അമ്മയെയും കുഞ്ഞിനേയും പ്രസവശേഷം വീട്ടിൽ എത്തിക്കുന്ന മാതൃയാനം പദ്ധതി തുടങ്ങി വിവിധ മേഖലകളിലായി എട്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതിനോടകം പ്രാവർത്തികമായി. ആതുര സേവന രംഗത്തെ മികച്ച ആധുനിക ചികിത്സാസൗകര്യങ്ങൾ ലഭ്യമാകുന്നതുകൊണ്ടുതന്നെ അതിർത്തിക്കപ്പുറത്ത് തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ നിന്നുള്ളവർ വരെ ആശ്രയിക്കുന്ന ആശുപത്രിയായി മാറി. കേന്ദ്ര സർക്കാരിന്റെ കായകല്പ അവാർഡ് ഉൾപ്പെടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.