വക്കം: ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേ സ്വകാര്യ ബസ് മൂന്നംഗ കുടുംബം സഞ്ചരിച്ച ഹോണ്ടാ ആക്ടീവാ സ്കൂട്ടറിന് പിന്നിലിടിച്ച് അഞ്ചുതെങ്ങ് കോവിൽ തോട്ടം വൃന്ദാവനത്തിൽ പ്രതിഭ (44) മരിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

കൊട്ടിയം ജി.എൻ.എം.എസ് നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ മകൾ വിഷ്ണുപ്രിയയെ രാവിലെ 7നുള്ള ട്രെയിനിൽ കയറ്റിവിടുന്നതിന് ഭർത്താവ് വിജയകുമാറിനും മകൾക്കുമൊപ്പം സ്കൂട്ടറിന് പിന്നിലിരുന്ന് പോകുമ്പോഴായിരുന്നു വിധി പ്രതിഭയെ കവ‌ർന്നത്.വീട്ടിൽ നിന്ന് രാവിലെ 5.30ഓടെ വിജയകുമാറും പ്രതിഭയും മകളും സ്കൂട്ടറിൽ വർക്കല റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു.വർക്കല പെട്രോൾ പമ്പിന് സമീപം വച്ചായിരുന്നു അപകടം.

കൂലിപ്പണിക്കാരനായ വിജയകുമാറിന് മിക്ക ദിവസവും പണിയുണ്ടാകാറില്ല. രണ്ടുവർഷം മുൻപ് നിർമ്മിച്ച ചെറിയ വീടിന്റെ ബാദ്ധ്യതയും,കുട്ടികളുടെ വിദ്യാഭ്യാസവും കണക്കിലെടുത്താണ് പ്രതിഭ തൊട്ടടുത്ത വീട്ടിൽ ജോലിക്കായി പോയി തുടങ്ങിയത്. ബാക്കിയുള്ള സമയം ഹരിതകർമ്മ സേനയുടെ പണിയും ചെയ്തിരുന്നു.ഇളയമകൻ വിഷ്ണുനാഥ് ഒൻപതാം ക്ലാസിലാണ്.പത്ത് ദിവസം മുൻപാണ് വിഷ്ണുപ്രിയ പരീക്ഷ കഴിഞ്ഞുള്ള അവധിക്ക് വീട്ടിലെത്തിയത്.തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.

എപ്പോഴും ചിരിച്ച് കാണാറുള്ള സൗമ്യ സ്വഭാവക്കാരിയായ പ്രതിഭയെ സഹപ്രവർത്തകർക്കെല്ലാം ഏറെ ഇഷ്ടമായിരുന്നു.മൃതദേഹം കൊണ്ടുവരുന്നതിന് മുൻപ് തന്നെ സഹപ്രവർത്തകരും നൂറുകണക്കിനാളുകളും വീട്ടുപരിസരത്ത് തടിച്ചുകൂടിയിരുന്നു.വൈകിട്ട് 5ഓടെ മൃതദേഹം വീട്ടിലെത്തിച്ചു.അപകടത്തിൽ പരിക്കേറ്റ ഭർത്താവ് വിജയകുമാറും വിഷ്ണുപ്രിയയും ആശുപത്രിയിൽ നിന്ന് അന്ത്യകർമ്മങ്ങൾക്കായി വീട്ടിലെത്തിയിരുന്നു.മൃതദേഹം അന്ത്യോപചാരങ്ങൾക്കായി വീട്ടിലെ ഉമ്മറത്ത് വച്ചതോടെ കൂട്ടക്കരച്ചിലായി. ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കിയായിരുന്നു പ്രതിഭയുടെ മടക്കം.