lulu

തിരുവനന്തപുരം : ഇൻസുലിൻ പമ്പ് വാങ്ങാൻ വീട്ടുകാർ കഷ്ടപ്പെടുകയാണെന്നും തിരുവനന്തപുരത്ത് വരുമ്പോൾ നേരിൽകാണാൻ അവസരം തരുമോയെന്നും ചോദിച്ച് കത്തെഴുതിയ ഒൻപത് വയസുകാരൻ ഇസ്ഹാന്റെ ആവശ്യം ദിവസങ്ങൾക്കുള്ളിൽ യൂസഫലി നിറവേറ്റി. കാര്യവട്ടം സ്വദേശിയായ ഷിഹാബുദീൻ-ബുഷ്ര ദമ്പതികളുടെ ഏകമകൻ ഇഹ്സാന് പുതിയ ഇൻസുലിൻ പമ്പുമായി ലുലു ഗ്രൂപ്പ് അധികൃതർ വീട്ടിലെത്തി.

നോട്ട് ബുക്കിലെ പേപ്പറിൽ 'ഡിയറസ്റ്റ് യൂസഫലി സർ, എന്ന് തുടങ്ങുന്ന കത്ത് ഇംഗ്ലീഷിലാണ് മൂന്നാം ക്ലാസുകാരൻ എഴുതിയത്. കഴി‌ഞ്ഞമാസം 13ന് എഴുതിയ കത്ത് അബുദാബിയിലേക്ക് അയച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യൂസഫലിയുടെ ഇടപെടലുണ്ടായത്. ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദനാണ് ഇൻസുലിൻ പമ്പ് ഇഹസാന് സമ്മാനിച്ചത്.

രണ്ടര വയസ്സുള്ളപ്പോഴാണ് ടൈപ് വൺ ഡയബറ്റിസ് സ്ഥിരീകരിച്ചത്. അന്ന് മുതൽ ഇൻസുലിൻ പമ്പ് ഉപയോഗിക്കുന്നു. ഇത് പൂർണ്ണതോതിൽ പ്രവർത്തനക്ഷമമല്ലാതായതിനാൽ പുതിയത് വാങ്ങാൻ കുടുംബം ഏറെ ശ്രമിച്ചു. പ്രമേഹ ബാധിതന്റെ ശരീരത്തിൽ ഘടിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന പമ്പിന് ആറുലക്ഷം രൂപയാണ് വില. സാമ്പത്തികബുദ്ധിമുട്ട് ഏറെയുണ്ടായിരുന്നെന്നും തുടർന്നാണ് മകൻ യൂസഫലിക്ക് കത്തെഴുതാമെന്ന് പറഞ്ഞതെന്നും അച്ഛൻ ഷിഹാബുദീൻ വെളിപ്പെടുത്തി .

ഇഹ്സാനെ ചികിത്സിക്കുന്ന ഡോ.ഷീജ മാധവന്റെ അഭിപ്രായം തേടിയശേഷമാണ് ഇൻസുലിൻ പമ്പ് വാങ്ങി നൽകിയത്. റംസാൻ കാലത്ത് ലഭിച്ച ഏറ്റവും വലിയ സന്തോഷമാണിതെന്ന് പ്രതികരിച്ച കുടുംബം യൂസഫലിക്ക് നന്ദി പറഞ്ഞു.