തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പേട്ടയിൽ നടത്തിയ പൊതുയോഗം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവശത്തിരയിളക്കി.​പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അടൂർ പ്രകാശിന്റെ പ്രചാരണത്തിനായി വെമ്പായത്ത് നടത്തിയ പൊതുയോഗത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം പേട്ടയിലെ യോഗത്തിനെത്തിയത്.യോഗത്തിൽ കോൺഗ്രസ് നേതാവ് ടി. ശരത് ചന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,​ വി.എസ്. ശിവകുമാർ,​ എം.വിൻസെന്റ് എം.എൽ.എ,​ എൻ. ശക്തൻ,​ കെ.എസ്. ശബരിനാഥ്,​ മോഹൻ രാജ്,​ ബീമാപ്പള്ളി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിൽ ബി.ജെ.പി- സി.പി.എം അന്തർധാരയല്ല,​ പരസ്യമായ ബന്ധമാണുള്ളതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. കേസ് വന്നാൽ പരസ്പരം സഹായിച്ച് അന്വേഷണം അവസാനിപ്പിക്കും,​അല്ലെങ്കിൽ മരവിപ്പിക്കും. മാസപ്പടി,​ സ്വർണ്ണക്കടത്ത്,​ ലൈഫ് മിഷൻ കേസുകളിലെ അന്വേഷണത്തിന് സി.ബി.ഐ,​ ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ എത്തിയെങ്കിലും ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാൻ പോലും തയ്യാറായില്ല. അതുപോലെ,​ ബി.ജെ.പി നേതാക്കൾക്കെതിരേ സംസ്ഥാനത്തുള്ള കേസുകളിലും ഒരു അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. രാജ്യത്ത് ഭിന്നത സൃഷ്ടിക്കുന്ന മോദി സ‌ർക്കാരിനെ താഴെയിറക്കാൻ ഒന്നിച്ചുനിൽക്കേണ്ടിടത്ത് ബി.ജെ.പി സ്ഥാനാർത്ഥികളെ പുകഴ്ത്തി സംസാരിക്കാനാണ് എൽ.ഡി.എഫ് കൺവീനർ അടക്കമുള്ള ഇടത് നേതാക്കൾ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.എല്ലാ മാസവും ഒന്നാം തീയതി സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവുന്നില്ല. അടുത്തമാസം ഒന്നാം തീയതി ശമ്പളം കൊടുക്കുമെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാൽ,​ ശമ്പളം കൊടുത്ത ഒന്നാം തീയതി പിന്നീട് ഉണ്ടായില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.