
''ഉങ്കളോടെല്ലാം അൻപോട്, പാസത്തോടെ കേൾക്കിറേൻ, ഉറുമിയോട് കേൾക്കിറേൻ, ഉങ്കൾ വീട്ടു പിള്ളയായിരുന്ത് കേൾക്കിറേൻ, തലൈവരുടെ മകനായി കേൾക്കിറേൻ, കലൈജ്ഞരുടെ പേരമകനായി നിൻട്ര് കേൾക്കിറേൻ..."" തമിഴ്നാട്ടിൽ ഇങ്ങനെ വോട്ട് ചോദിക്കുന്ന ഒരാൾ മാത്രം. മന്ത്രി ഉദയനിധി സ്റ്റാലിൻ.
ധർമ്മപുരിയിലെ ഒടസാൽപെട്ടിയിൽ കറുത്ത വാഹനത്തിൽ ഉദയനിധി എത്തിയതും അഭിവാദ്യങ്ങളുമായി ചുറ്റും യുവാക്കൾ നിറഞ്ഞു. ഡി.എം.കെയുടെ യുവജനവിഭാഗത്തിന്റെ കൊടി അവരിൽ നിന്നും സ്വീകരിച്ച് കഴുത്തിൽചുറ്റിയപ്പോഴേക്കും ആർപ്പുവിളികൾ മുഴങ്ങി. ഓരോ വാചകത്തിനും നിറഞ്ഞ കൈയ്യടി. എം.കെ.സ്റ്റാലിന്റെ പിൻഗാമിയായി പ്രവർത്തകർ ഉദയനിധിയെ ഉറപ്പിച്ചുകഴിഞ്ഞു.
ബി.ജെ.പിയെ വിമർശിക്കാനും അദ്ദേഹം മറന്നില്ല. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് കാലത്താണ് ഇവിടെ എത്തുന്നത്. 2019ൽ പ്രധാനമന്ത്രിയും പളനിസാമിയും കൂടി മധുരയിൽ എയിംസിനായി ഒരു ചെങ്കല്ല് വച്ചു. ഇത്രയും പറഞ്ഞ ശേഷം ഒന്നു ചിരിച്ചു. ''നാൻ അന്തപക്കം പോയി അന്ത ചെങ്കല്ല് പാത്ത് തൂക്കിയിട്ട് വന്താര്. ഇപ്പോ ചെങ്കല്ല് കാണാമെ തേടിയിട്ട് ഇരിക്കാങ്കൈ, ചെങ്കല്ല് ഭദ്രമായി വെച്ചിറിക്കേ. പാക്കണമാ?"". ആമാ... ജനക്കൂട്ടം ആർത്തുവിളിച്ചു. എയിംസ് എന്നെഴുതിയ ഒരു ചുടുകട്ട ഉയർത്തിക്കാട്ടി തുടർന്നു ''ഇതാ പ്രഥമരും പളനിസാമിയും ചേർന്തുവച്ച ഒറ്റക്കല്ല്.""
''2019നും ശേഷം ബി.ജെ.പി സർക്കാർ ആറിടത്ത് എയിംസ് കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കി. മറുപടിയായി നമ്മുടെ മുഖ്യമന്ത്രി ചെന്നൈ സെയ്ദാപെട്ടെയിൽ 300 കോടി രൂപ ചെലവഴിച്ച് ആയിരംകിടക്കുകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കലൈഞ്ജരുടെ പേരിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇവിടെ നീറ്റ് കൊണ്ടുവന്നില്ല. പൊതുപരീക്ഷ മതിയെന്ന് പറഞ്ഞു. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോഴും നീറ്റ് വന്നില്ല. എന്നാൽ അമ്മയുടെ കാലശേഷം അടിമകളെല്ലാം ചേർന്ന് നീറ്റ് കൊണ്ടുവന്നു."" വണ്ണിയർ സമുദായത്തിന് ഭൂരിപക്ഷമുള്ള മേഖലയായതിനാൽ നേരെ സംവരണ വിഷയത്തിലേക്കെത്തി.
'വണ്ണിയർ ഉൾപ്പെടെ 17 സമുദായങ്ങൾക്ക് സംവരണം കൊടുത്തത് കലൈജ്ഞർ. 21 വണ്ണിയർ സമുദായാംഗങ്ങളെ ചുട്ടുകൊന്നത് അണ്ണാഡി.എം.കെ ഭരണകൂടം. വണ്ണിയർ സമുദായത്തിന് പ്രാമുഖ്യമുള്ള പി.എം.കെ എൻ.ഡി.എയുടെ ഭാഗമാണ്. മുൻകേന്ദ്രമന്ത്രി അൻപുമണി രാംദോസിന്റെ ഭാര്യ സൗമ്യയാണ് ഡി.എം.കെ സ്ഥാനാർത്ഥി കെ.മണിയുടെ മുഖ്യ എതിരാളി. ജാതി സെൻസസ് വേണമെന്ന് പി.എം.കെ, വേണ്ടെന്ന് ബി.ജെപി".
അവിടെ നിന്നും നേരെ പൊന്നാകാരത്തേക്ക്. തുടർന്ന് പലകോടേക്ക്. കൃഷ്ണഗിരിയിൽ എത്തിയപ്പോഴേക്കും രാത്രി 11. അപ്പോഴും ജനം ഉദയനിധിയെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എല്ലായിടത്തും പ്രസംഗം അവസാനിപ്പിക്കുന്നതിങ്ങനെ. ജൂൺ നാലാം തീയതി വോട്ടെണ്ണും. മൂന്നാം തീയതി കലൈഞ്ജരുടെ 101-ാം പിറന്നാൾ. 40 സീറ്റിലും ജയിച്ച് ''വെട്രിയെ കലൈഞ്ജരുടെ കാലടിയേവയ്ക്കണമാ വേണ്ടാമാ? വയ്പ്പോം... വച്ച് ആകണം""...