
വർക്കല: പെരുന്നാൾ നിറവിൽ ആശംസകൾ പങ്കുവച്ച് പ്രചാരണ തിരക്കിലാണ് സ്ഥാനാർത്ഥികൾ. വാമനപുരം മണ്ഡലത്തിലെ പാലാംകോണം ജംഗ്ഷനിൽ നിന്നാണ് വി. ജോയി ഇന്നലെ പര്യടനമാരംഭിച്ചത്. വെള്ളുമണ്ണടി, തേമ്പാംമൂട്, മുത്തിപ്പാറ, ചുള്ളാളം, പാണയം, പനവക്കുന്ന്, കുണ്ടറക്കുഴി തുടങ്ങി 50 ഓളം കേന്ദ്രങ്ങളിൽ പ്രവർത്തകർ സ്വീകരണം ഒരുക്കി. മൂഴി ജംഗ്ഷനിൽ രാത്രിയോടെ പര്യടനം സമാപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്റി പിണറായി വിജയൻ വ്യാഴാഴ്ച ആറ്റിങ്ങൽ ലോക് സഭ മണ്ഡലത്തിലെ മൂന്ന് പൊതുയോഗങ്ങളിൽ പങ്കെടുക്കും. നാളെ രാവിലെ 10ന് വർക്കല പാലച്ചിറ മേവ കൺവെൻഷൻ സെന്ററിലാണ് ആദ്യമെത്തുന്നത്. വൈകിട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലും 6ന് വെമ്പായം കന്യാകുളങ്ങര നുജും അൽഷേക് സ്റ്റേഡിയത്തിലും പൊതുയോഗങ്ങളിൽ സംസാരിക്കും.
വാമനപുരം അരുവിക്കര നിയോജക മണ്ഡലങ്ങളിലായിരുന്നു അടൂർ പ്രകാശ് കഴിഞ്ഞദിവസം പര്യടനം നടത്തിയത്. പെരിങ്ങമല ഇടിഞ്ഞാർ വിട്ടിക്കാവ് പട്ടികവർഗ്ഗ കോളനിയിൽ നിന്നാരംഭിച്ച പര്യടനം കെ.പി.സി.സി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്‌തു. ചിറയിൻകീഴ് നിയോജക മണ്ഡലത്തിലാണ് ഇന്ന് പര്യടനം. കായിക്കര കുമാരനാശാൻ സ്‌മാരകത്തിൽ ഉച്ചയ്‌ക്ക് 3ന് കരകുളം കൃഷ്ണപിള്ള പര്യടനം ഉദ്ഘാടനം ചെയ്യും.
മലയിൻകീഴിലായിരുന്നു വി. മുരളീധരൻ ഇന്നലെ പര്യടനം നടത്തിയത്. ചപ്പാത്ത്, വലിയറത്തല, ശിവജിപുരം, അരിക്കടമുക്ക്, പ്രാവച്ചമ്പലം, ഭഗവതിനട എന്നിവിടങ്ങളിലെ സ്വീകരണമേറ്റുവാങ്ങി രാത്രിയോടെ മുക്കംപാലമൂട് ജംഗ്ഷനിൽ പര്യടനം സമാപിച്ചു.