k

'വേലി ചാടുന്ന പശുവിന് കോലു കൊണ്ട് മരണം' എന്നൊരു ചൊല്ലുണ്ട്. 'താൻ കുഴിച്ച കുഴിയിൽ താൻ തന്നെ' എന്ന് മറ്റൊരു ചൊല്ലുമുണ്ട്. രണ്ടിന്റെയും പൊരുൾ ഏതാണ്ട് ഒരുപോലെയാണ്. ഓരോരുത്തരും ചെയ്യുന്ന പ്രവർത്തികൾക്ക് അതിനനുസരണമായ ഫലം കിട്ടുമെന്നതാണ് ഇതിന്റെ ചുരുക്കം. കണ്ണൂർ ജില്ലയിലെ പാനൂരിൽ വീടിന്റെ ടെറസിൽ വച്ച് ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിലാണ് സി.പി.എം പ്രവർത്തകനായ ഷരിൽ മരിക്കുകയും മറ്ര് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. സംഭവത്തിൽ 11 പേരാണ് പൊലീസ് പിടിയിലായത്. പൊലീസ് ഊർജ്ജിതമായ അന്വേഷണം തുടരുകയാണെന്നാണ് സർക്കാരും പൊലീസ് മേധാവികളും പറയുന്നത്. അന്വേഷണവും അറസ്റ്രും ഉൾപ്പെടെയുള്ള നടപടികൾ അതിന്റെ വഴിക്ക് നടക്കട്ടെ.

ഇവിടെ വിഷയം അതല്ല. കണ്ണൂർ, കോഴിക്കോട് ജില്ലകളെ സംബന്ധിച്ച് ബോംബ് നിർമ്മാണവും സ്ഫോടനവുമൊന്നും പുതിയ കാര്യങ്ങളല്ല. നിർമ്മാണത്തിനിടെയിലും ബോംബെറിഞ്ഞുള്ള ആക്രമണത്തിലുമൊക്കെ ഉണ്ടായ മരണവും പരിക്കുമൊക്കെ പ്രദേശവാസികൾക്ക് ചിരപരിചിതമാണ്. ഇതൊക്കെ നിയന്ത്രിക്കാൻ ഇടയ്ക്കിടെ ശ്രമങ്ങളൊക്കെ നടന്നെങ്കിലും അതൊന്നും വേണ്ടത്ര ഫലം കണ്ടില്ലെന്നിന് തെളിവാണ് പാനൂർ സംഭവം. ഈ ജില്ലകളിൽ പ്രധാനപ്പെട്ട രാഷ്ട്രീയ സംഘടനകളെല്ലാം അനധികൃത ബോംബു നിർമ്മാണത്തിലും ആയുധ നിർമ്മാണത്തിലും പരിശീലനത്തിലുമൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നത് കഴിഞ്ഞകാല സംഭവങ്ങൾ പരിശോധിച്ചാൽ വ്യക്തമാണ്. അതുകൊണ്ടു തന്നെ ആർക്കും പുണ്യാളന്മാരായി നിന്ന് ഉപദേശിക്കാനോ സുവിശേഷം നടത്താനോ ഉള്ള ധാർമ്മികമായ അവകാശവുമില്ല.

തേങ്ങ കണ്ടാൽ അത് മാങ്ങയല്ലെന്നും ചക്ക കണ്ടാൽ അത് പപ്പയ്ക്ക അല്ലെന്നും വെള്ളരി കണ്ടാൽ അത് പടവലമല്ലെന്നും തിരിച്ചറിയാനുള്ള ബോധമൊക്കെ സമൂഹത്തിനുണ്ട്. ഇരുട്ടിന്റെ മറവിൽ കുപ്പിച്ചില്ലും തുരുമ്പാണിയും വെടിമരുന്നുമൊക്കെ ചേർത്ത് നാടൻ ബോംബ് ഉണ്ടാക്കുന്നത് വിഷുവിന്റെ തലേന്ന് പടക്കം പൊട്ടിച്ച് കളിക്കാനല്ലല്ലോ. വിളവ് നശിപ്പിക്കുന്ന കാട്ടു പന്നിയെ ഓടിക്കാനോ വിത്ത് വിതച്ച നിലങ്ങളിലെ കാക്കയെ ഓടിക്കാനോ നാടൻ ബോംബിന്റെ ആവശ്യമില്ലല്ലോ. രാഷ്ട്രീയ എതിരാളികളെ വകവരുത്താനും വരുതിയിലാക്കാനും പ്രാദേശികമായി ഭീതി പരത്തി അതിന്റെ പഴുതിൽ ചില്ലറ കാര്യസാദ്ധ്യത്തിനുമൊക്കെയാണല്ലോ ഈ ബോംബു നിർമ്മാണം. നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പഠനം കഴിഞ്ഞവരോ സ്ഫോടക സാങ്കേതിക വിദ്യയിൽ പി.എച്ച്.ഡി എടുത്തവരോ ഒന്നുമല്ല വടക്കൻ ജില്ലകളിൽ കുടിൽ വ്യവസായം പോലെ ബോംബു നിർമ്മാണം നടത്തുന്നത്. ബോംബു നിർമ്മാണത്തിന് നിലവിൽ പോസ്റ്റൽ കോച്ചിംഗ് ഉള്ളതായോ സൗജന്യ ട്യൂഷൻ നടത്തുന്നതായോ അറിവില്ല. തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള അമിതമായ വിധേയത്വം കാട്ടാൻ മുന്നും പിന്നും നോക്കാതെ എടുത്തു ചാടുന്ന ചങ്കുറപ്പുള്ള ചെറുപ്പക്കാരാണ് നിർമ്മാണത്തിലേർപ്പെടുന്നത്. തനിയെ ബോംബ് പൊട്ടിയോ എതിരാളികൾ ബോംബെറിഞ്ഞോ ഒക്കെ അപകടത്തിൽ പെടുന്നതും ഈ യുവത്വമാണ്.

നിയമവിരുദ്ധമായ ബോംബു നിർമ്മാണത്തിന് പ്രോത്സാഹനം നൽകി ഇവരെ രംഗത്തിറക്കുന്നവർക്കൊന്നും ഒരിക്കലും അതിന്റെ പേരിൽ ഒരുവിധ അപകടങ്ങളും സംഭവിക്കാറില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയാൻ എടുത്തുചാട്ടക്കാർക്ക് ആവുന്നുമില്ല.

സർക്കാർ സർവീസിൽ ഡോക്ടറായി സേവനം അനുഷ്ടിക്കുന്ന അസ്നയുടെ മുഖം കേരളം മറന്നിട്ടില്ല. 2000 സെപ്തംബർ 27ന് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനിടെ ചെറുവാഞ്ചേരിയിൽ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട അസ്ന തന്റെ നിശ്ചയദാർഢ്യം കൊണ്ടാണ് പഠിച്ച് ഡോക്ടറായത്. കണ്ണില്ലാത്ത ക്രൂരത അംഗവൈകല്യം സമ്മാനിച്ച അസ്നയെപ്പോലെ എത്രയോ ജീവിതങ്ങൾ. പക്ഷെ ഇതിനൊക്കെ അറുതി വരുത്തുന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നുപോലുമില്ലെന്നതാണ് സങ്കടകരം. എന്തെങ്കിലും ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായാൽ അപ്പോൾ മാത്രം ചില മുട്ടുശാന്തി നടപടികൾ. അവിടെ തീർന്നു. പിന്നെയും ശങ്കരൻ തെങ്ങിൽ തന്നെ.

ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ മാത്രം ഇക്കാര്യത്തിൽ പ്രതിക്കൂട്ടിൽ കയറ്റാനാവില്ല. എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്. എങ്കിലും പാനൂർ സംഭവത്തിന് ശേഷം സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയും സർക്കാരിനെ പിന്തുണയ്ക്കാൻ ബാദ്ധ്യസ്ഥപ്പെട്ട സംഘടനകളുടെ നേതാക്കളും നടത്തിയ നിരുത്തരവാദപരമായ ചില പരാമർശങ്ങളാണ് സമൂഹം ശ്രദ്ധിക്കേണ്ടത്.

ഉത്സവപ്പറമ്പിലെ ഏറ്രുമുട്ടലിനെ തുടർന്ന് എതിരാളികളെ ലക്ഷ്യമിട്ടാണ് ബോംബ് നിർമ്മിച്ചതെന്നും സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നും പൊലീസ് കണ്ടെത്തി. ബോംബ് സ്ഫോടനത്തിൽ മരണപ്പെട്ടയാളുടെ വീട്ടിൽ പാർട്ടി പ്രവർത്തകർ പോയത്, മരണ വീടായതിനാലാണെന്ന വിശദീകരണം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിരത്തി. മുഖ്യമന്ത്രി പിണറായി വിജയനും സ്വന്തം പാർട്ടിയുടെ സ്വന്തം സെക്രട്ടറിയെ നല്ല ഊർജ്ജത്തോടെ പിന്തുണച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സഖാവാണെന്നും ഗോവിന്ദൻ തട്ടിവിട്ടു. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് യാത്രയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാർക്ക് നേരെ ഡി.വൈ.എഫ്.ഐക്കാർ സർവ്വാത്മനാ നടത്തിയ രക്ഷാ പ്രവർത്തനം കേരളം കണ്ടതാണ്. സി.പി.എമ്മിന്റെയും ഡി.വൈ.എഫ് ഐയുടെയുമൊക്കെ പ്രവർത്തകർ ഇങ്ങനെ രക്ഷാപ്രവർത്തനത്തിലും ജീവകാരുണ്യ ദൗത്യങ്ങളിലുമൊക്കെ സ്ഥിരമായി മുഴുകി കഴിഞ്ഞാൽ മുഹമ്മദ് റിയാസിനും പി. രാജീവിനും എം.ബി. രാജേഷിനുമൊക്കെ ശേഷം എം.എൽ.എയും മന്ത്രിയുമൊക്കെ ആവാൻ ആരുണ്ടാവും. ഷംസീറിന് ശേഷവും നിയമസഭയ്ക്ക് ഒരു സ്പീക്കർ വേണ്ടെ. പി. ശ്രീരാമകൃഷ്ണന് ശേഷം നോർക്ക നയിക്കാൻ ഉത്തരവാദപ്പെട്ട ആളുകൾ വേണ്ടെ. അതു കൊണ്ട് പ്ളീസ്, ആരോഗ്യപരമായ ജനാധിപത്യ സംവിധാനവും മെച്ചപ്പെട്ട ഭരണവും ഇവിടെ നിലനിൽക്കാൻ ഡി.വൈ.എഫ്.ഐക്കാർ രക്ഷാപ്രവർത്തനത്തിൽ കൂടുതലായി കോൺസെൻട്രേറ്റ് ചെയ്യരുത്. ഇത് അഭ്യർത്ഥനയല്ല, അപേക്ഷയാണ്. മാത്രമല്ല, നിങ്ങളുടെ രക്ഷാപ്രവർത്തനത്തിന്റെ ആത്മാർത്ഥത താങ്ങാൻ പാവം യൂത്ത് കോൺഗ്രസുകാർക്കും മൂത്ത കോൺഗ്രസുകാർക്കും തെല്ലും ത്രാണിയില്ല.

ഇതിനിടെ അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എ. വിജയരാഘവന് ഇരുണ്ടു വെളുത്തപ്പോൾ ഒരു വെളിപാടുണ്ടായി. എവിടെയെങ്കിലും പടക്കം പൊട്ടിയാൽ അതിനെക്കുറിച്ച് എന്തു പറയാനെന്നാണ് അദ്ദേഹം ആരോടെന്നില്ലാതെ ചോദിച്ചത്. ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബോംബ് സ്ഫോടനം വിജയരാഘവന്റെ വിലയിരുത്തലിൽ വെറും പടക്കം പൊട്ടലാണ്. ബോംബ് സ്ഫോടനമായി പരിഗണിക്കണമെങ്കിൽ മിനിമം എത്ര മരണം സംഭവിക്കണമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ താത്വികമായ ഒരു വിശദീകരണം പ്രതീക്ഷിക്കാം.

ഇതുകൂടി കേൾക്കണേ

ഏതു പാർട്ടികളായാലും അവരുടെ പ്രവർത്തകരെ സംരക്ഷിക്കാനും പ്രതിസന്ധികളിൽ അവർക്കൊപ്പം നിൽക്കാനുമുള്ള ചുമതലയുണ്ട്. എങ്കിലേ നേതാക്കൾക്കൊപ്പം അണികൾ കാണൂ. പക്ഷെ എന്തു കൊള്ളരുതായ്മകൾ ചെയ്താലും അതിനെ ന്യായീകരിച്ച്, പ്രോത്സാഹിപ്പിക്കുന്നത് ഭാവിയിൽ ഗുണകരമാവില്ല.