തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരത്തിൽ നിർമ്മാണം നടന്നുവരുന്ന റോഡുകൾ വോട്ടെടുപ്പിന് മുമ്പ് ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ഭഗീരഥ പ്രയത്നവുമായി നടത്തിപ്പുകാരായ സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ്. രണ്ടാഴ്ചയ്ക്കുള്ളിൽ റോഡുകൾ തുറന്നു നൽകുന്നതിനുള്ള നടപടികളുമായാണ് അധികൃതർ മുന്നോട്ടുപോകുന്നതെങ്കിലും ഇത് എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തിൽ സംശയമുണ്ട്.സ്‌മാർട്ട് പദ്ധതിയുടെ ഭാഗമായുളള നാലു റോഡുകളിൽ ഒന്നാംഘട്ട ടാറിംഗ് ഈ ആഴ്ച നടക്കും.വെള്ളയമ്പലം ആൽത്തറ തൈക്കാട് റോഡിൽ മാനവീയം വീഥി മുതൽ ഫോറസ്റ്റ് ഓഫിസ് വരെയും വഴുതക്കാട് ജംഗ്ഷൻ മുതൽ വിമെൻസ് കോളേജ് വരെയും ഒരു ഭാഗം നേരത്തെ ടാറിംഗ് നടത്തി തുറന്ന് നൽകിയിരുന്നു.

ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡ് ഗതാഗത യോഗ്യമാക്കാനുള്ള ജോലി ഊർജ്ജിതമായി തുടരുകയാണ്. ഇവിടെ ഡക്ട് സ്ഥാപിക്കുന്നത് പൂർത്തിയാക്കി. യൂട്ടിലിറ്റികൾ മാറ്റുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.ഇത് തീർന്നാൽ പിന്നെയുള്ളത് റോഡിന്റെ ഫോർമേഷൻ പ്രവൃത്തികളാണ്.അതുകൂടി തീർന്നാൽ റോ‌ഡ് തുറന്നു കൊടുക്കും. 20നും 25നും ടയിൽ റോഡുകൾ തുറക്കാനാണ് അധികൃതരുടെ ആലോചന.റോഡ് തുറന്നതിനു ശേഷമേ ഫുട്പാത്ത് നിർമ്മാണം തുടങ്ങുക.റോഡ് പണിക്കൊപ്പം ഫുട്പാത്തും നിർമ്മിക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്.

 കിള്ളിപ്പാലം - അട്ടക്കുളങ്ങര റോഡ് ടാറിംഗ് ഉടൻ

കിള്ളിപ്പാലം - അട്ടക്കുളങ്ങര റോഡിന്റെ ഒരു ഭാഗത്തെ ടാറിംഗ് രണ്ടു ദിവസത്തിനുള്ളിൽ ആരംഭിച്ചേക്കും.ഈ റോഡിന്റെ കുറച്ചുഭാഗം കഴിഞ്ഞ ദിവസം ടാർ ചെയ്തിരുന്നു.ഈ ഭാഗത്ത് ജലഅതോറിട്ടി നിർമ്മാണത്തിനായി കുഴി എടുത്തിരിക്കുകയാണ്.എന്നാൽ,​അത് റോഡ് ടാറിംഗിനെ ബാധിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം.ടാറിംഗിന് പിന്നാലെ രണ്ടു ദിവസത്തിനകം വാഹനഗതാഗതം ആരംഭിക്കാനാണ് ആലോചിക്കുന്നത്.

ആദ്യഘട്ട ടാറിംഗ് ഇവിടെയൊക്കെ

 കിള്ളിപ്പാലം - അട്ടക്കുളങ്ങര

 ജനറൽ ആശുപത്രി - വഞ്ചിയൂർ

 മോഡൽ സ്‌കൂൾ ജംഗ്ഷൻ - എം.ജി. രാധാകൃഷ്ണൻ റോഡ്

 വെള്ളയമ്പലം - ആൽത്തറ - തൈക്കാട് റോഡിന്റെ മൂന്നാം റീച്ച്