ഹിന്ദിയിലേക്കും മൊഴി മാറ്റി കണ്ണപ്പ

വിഷ്ണു മഞ്ചു നായകനായി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന കണ്ണപ്പ എന്ന ചിത്രത്തിൽ ബോളിവുഡ് നടൻ അക്ഷയ് കുമാറും . ടോളിവുഡിൽ ബോളിവുഡ് ആക്ഷൻ ഖിലാഡിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മോഹൻലാൽ, പ്രഭാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ശിവ ഭക്തനായ വീരന്റെ പുരാണകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ഫാന്റസി ആക്ഷൻ ചിത്രത്തിൽ അക്ഷയ് കുമാർ അഭിനയിക്കുന്ന വിവരം അണിയറ പ്രവർത്തകൻ ഉടൻ പ്രഖ്യാപിക്കും. ശരത് കുമാർ, പ്രഭുദേവ എന്നിവരും താരനിരയിലുണ്ട്. 1993 ൽ അശാന്ത് എന്ന ദ്വിഭാഷാ ചിത്രത്തിൽ അക്ഷയ് കുമാർ അഭിനയിച്ചിരുന്നു. ആ ചിത്രം കന്നടയിൽ വിഷ്ണു വിജയ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. 2018ൽ രജനീകാന്ത് നായകനായി ഷങ്കർ സംവിധാനം ചെയ്ത 2-0 എന്ന ചിത്രത്തിൽ പ്രധാന വില്ലനായി അക്ഷയ് കുമാർ എത്തിയിരുന്നു. അക്ഷയ് കുമാർ അഭിനയിക്കുന്ന മൂന്നാമത്തെ ദക്ഷിണേന്ത്യൻ ചിത്രമാണ് കണ്ണപ്പ. എ.വി.എ. എന്റർടെയ്ൻമെന്റിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെയും ബാനറിൽ മോഹൻ നിർമ്മിക്കുന്ന കണ്ണപ്പ വിഷ്ണു മഞ്ചുവിന്റെ സ്വപ്നസിനിമയാണ്. തെലുങ്കിൽ ചിത്രീകരിക്കുന്ന കണ്ണപ്പ മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യുന്നുണ്ട്. അതേസമയം മോഹൻലാലും അക്ഷയ് കുമാറും ആദ്യമായാണ് ഒരുമിക്കുന്നത്. ഇരുവരെയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.