antony

തിരുവനന്തപുരം /പത്തനംതിട്ട: ബി.ജെ.പി സ്ഥാനാർത്ഥിയും മകനുമായ അനിൽ ആന്റണി പത്തനംതിട്ടയിൽ തോൽക്കണമെന്ന് എ.കെ. ആന്റണി. 2014 മുതൽ ജനം തള്ളിക്കളഞ്ഞ അച്ഛനോട് സഹതാപമാണെന്ന് തിരിച്ചടിച്ച് അനിൽ ആന്റണി. തിരഞ്ഞെടുപ്പ് ചൂടിനിടെ അച്ഛനും മകനും രൂക്ഷഭാഷയിൽ ഇന്നലെ തുറന്നടിച്ചത് ജനങ്ങളിൽ അമ്പരപ്പും അനിഷ്ടവും ഉളവാക്കി.

മക്കളെക്കുറിച്ച് അധികം പറയിപ്പിക്കരുതെന്നും ആ ഭാഷ തന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ആന്റണി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞയാളാണ് എ. കെ. ആന്റണിയെന്നും എന്നിട്ട് എന്തായെന്നും അനിൽ ചോദിച്ചു. രാഹുൽ പാഴ് വസ്തുവാണ്. പരാജിതനായ രാഹുലിനെ ജനം അംഗീകരിക്കില്ല.

കെ.പി.സി.സി സംഘടിപ്പിച്ച മാദ്ധ്യമ മുഖാമുഖ പരമ്പരയിലാണ് തലമുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തകസമിതിയംഗവുമായ എ.കെ. ആന്റണി മകനെക്കുറിച്ച് പറഞ്ഞത്. അനിൽ മറുപടി പറഞ്ഞത് പത്തനംതിട്ടയിൽ മാദ്ധ്യമങ്ങളോടും.

കുടുംബം വേറെ രാഷ്ട്രീയം വേറെ

തന്റെ മതം കോൺഗ്രസാണെന്ന് ആന്റണി. 'കുടുംബം വേറെ രാഷ്ട്രീയം വേറെ. ഞാൻ പത്തനംതിട്ടയിൽ പോകാതെ തന്നെ ആന്റോ ആന്റണി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. രണ്ടുതവണ കൊവിഡ് വന്നത് അലട്ടുന്നുണ്ട്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. പ്രചാരണത്തിനിറങ്ങില്ല. ശബരിമല യുവതീപ്രവേശനം കത്തിനിന്ന ഘട്ടത്തിൽ ബി.ജെ.പിക്ക് അവിടെ വോട്ടുലഭിച്ചു. ഇത്തവണ ബി.ജെ.പിക്ക് കേരളത്തിൽ സീറ്റ് കിട്ടില്ല. അവർ 20 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പോകും. തിരുവനന്തപുരത്ത് തരൂർ വൻ വിജയം നേടും.

കാലഹരണപ്പെട്ടവർ കുരയ്ക്കും

ജൂൺ 4ന് മോദി വീണ്ടും പ്രധാനമന്ത്രിയാകും. ഇതുകണ്ട് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെ കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ കുരച്ചുകൊണ്ടിരിക്കുമെന്നാണ് അനിൽ എല്ലാ അതിരുകളും വിട്ട് പ്രതികരിച്ചത്. മുൻ പ്രതിരോധ മന്ത്രിയായ എ.കെ. ആന്റണി രാജ്യവിരുദ്ധനായ ആന്റോ ആന്റണിക്കു വേണ്ടി സംസാരിച്ചപ്പോൾ വിഷമം തോന്നി. രാജ്യവിരുദ്ധ നയങ്ങൾ എടുക്കുന്നതുകൊണ്ടാണ് ദേശീയരാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിനെ ജനത ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞതെന്നും അനിൽ പറഞ്ഞു.