ss

യുവനടൻ സുജിത്ത് രാജേന്ദ്രന് ഹൃദയത്തിൽ തൊടുന്ന അന്ത്യാഞ്ജലിയുമായി നടി സുരഭി സന്തോഷ്. സുഗീത് സംവിധാനം ചെയ്ത കിനാവള്ളി സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചവരാണ് സുജിത്തും സുരഭിയും. പകരം വയ്ക്കാനില്ലാത്ത ഒരു ശൂന്യത എന്റെ ആത്മാവിൽ അവശേഷിച്ചാണ് നീ മടങ്ങുന്നത്. എന്റെ പ്രിയപ്പെട്ട 'ബൂ' നീയും നിന്റേതായ മധുരതരമായ വ്യക്തി പ്രഭാവലയവും എന്റെ മാത്രമല്ല നിന്നോടൊപ്പം പ്രവർത്തിച്ച എല്ലാവരുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട്. ഇനി ഞാൻ ആരെയാണ് ബൂ എന്ന് വിളിക്കുന്നത്?​ ഞാൻ കണ്ണു നീറുന്നതുവരെ ചിരിക്കാൻ വേണ്ടി മണ്ടൻ തമാശകൾ പറയാൻ ഇനി ആരുണ്ട്?​ ഞാൻ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും കഴിവുള്ളവരിൽ ഒരാളാണ് നീ. ഗായകൻ,​ നർത്തകൻ,​ നടൻ,​ വാഗ്‌മി,​ നല്ല മനുഷ്യൻ എന്ന നിലയിൽ നിന്നേക്കാൾ നല്ലൊരാളെ ഞാൻ കണ്ടുമുട്ടിയിട്ടില്ല. നിന്നെ പരിചയമില്ലാത്തവർക്ക് ഇതൊന്നും അറിവില്ലായികിക്കും. പക്ഷേ എന്റെ ബൂ നിന്നെ അറിയുന്നവരിൽ നീ എന്നെന്നും ജീവിക്കും. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കും. എന്റെ പ്രിയപ്പെട്ട ബൂ. സുരഭി സന്തോഷ് കുറിച്ചു.

കിനാവള്ളി സിനിമയിൽ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിന്റെ മലയാള ചിത്രം രംഗീല,​ മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത് അഭിനയിച്ചിട്ടുണ്ട്.