
ആറ്റിങ്ങൽ: ദേശീയപാത വികസനത്തിൽ ഇടയാവണത്തെ നദീതീരത്ത് ഒറ്റപ്പെട്ട് 300ലധികം കുടുംബങ്ങൾ. ആറ്റിങ്ങൽ നഗരസഭയിലെ 28-ാം വാർഡിലുൾപ്പെട്ട തോട്ടവാരം - ഇടയാവണം റോഡ് ദേശീയപാത 66ന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കെട്ടി അടയ്ക്കപ്പെടും. റോഡിന്റെ മറുഭാഗത്ത് നദീതീരത്ത് ഒരു കിലോമീറ്ററിലധികം ദൂരത്ത് താമസിക്കുന്നവർ യാത്രാസൗകാര്യത്തിനായി നിലവിൽ ബുദ്ധിമുട്ടുകയാണ്. സർവീസ് റോഡിന്റെ പാർശ്വഭിത്തി കെട്ടുന്നതോടെ നിലവിലെ റോഡിലൂടെയുള്ള യാത്ര പൂർണമായും കെട് അടയ്ക്കും. അതോടെ വിദ്യാർത്ഥികളും ജോലിക്കാരും രോഗികൾ അടക്കമുള്ളവരും സഞ്ചാരത്തിന് പുതിയ വഴി കണ്ടെത്തേണ്ടിവരും. ദേശീയപാത കടന്നുപോകുന്ന ഭാഗം കഴിഞ്ഞാൽ ബാക്കിയുള്ള റോഡ് നദീതീരത്താണ്. മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുമ്പോൾ ഈ മേഖലയിൽ താമസിക്കുന്നവരെ പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്ന കുന്നുവാരം യു.പി.എസിലും കുഴിമുക്ക് വിദ്യാധിരാജാ സ്കൂളിലും എത്തുന്നതിനായും ഇനി പുതിയ വഴികൾ തേടണം. റോഡ് അടയ്ക്കുമ്പോൾ ഉണ്ടാകുന്ന യാത്രാതടസം പരിഹരിക്കാൻ ഇവിടെ അണ്ടർ പാസേജോ യൂ ടേണോ ഇല്ല. ഈ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ദേശീയപാത അതോറിട്ടി പരിഗണിക്കുന്നില്ല. ഈ റോഡിലൂടെ വരുന്നവർക്ക് സർവീസ് റോഡ് വഴി യാത്ര തുടർന്ന ശേഷം ദേശീയപാതയിലൂടെ യാത്ര തുടരാമെന്ന് അധികൃതർ പറയുന്നു.
അധികൃതർ പറയുന്നത്
നിലവിലെ റോഡിൽ നിന്നു 200 മീറ്റർ മുന്നോട്ടുപോയാൽ നദിക്ക് മുകളിലൂടെയുള്ള പാലത്തിന്റെ നിർമ്മാണവും നടന്നുവരുന്നു. അതിനാൽത്തന്നെ പാലത്തിനു സമീപം അണ്ടർപാസേജും യൂടേണും അനുവദനീയമല്ലെന്നാണ് ദേശീയപാത അധികൃതരുടെ വാദം. എന്നാൽ നൂറ്റാണ്ടുകളായി നാട്ടുകാർ ഉപയോഗിച്ചിരുന്ന ഈ റോഡ് കെട്ടിയടയ്ക്കുന്നതോടെ പ്രസിദ്ധമായ ഇടയാവണം ക്ഷേത്രത്തിലും തോപ്പിൽ ഗണപതി ക്ഷേത്രത്തിലും പ്രദേശവാസികൾക്ക് പോവാൻ കഴിയാതെയാവും. സ്വകാര്യ - ട്രാൻസ്പോർട്ട് ബസുകൾ സർവീസ് നടത്തിയിരുന്ന റോഡ് ഇതോടെ വിജനമാകും. നാട്ടുകാരുടെ നിലവിലെ സ്ഥിതി ചൂണ്ടിക്കാട്ടി നാട്ടുകാർ അടൂർ പ്രകാശ് എം.പി, ഒ.എസ്. അംബിക എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ദേശീയപാത അധികൃതർ എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്.