renjini

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിക്ക് അഖിലേന്ത്യാ പരീക്ഷയിൽ സ്വർണ മെഡലോടെ ഒന്നാം സ്ഥാനം. നാഷണൽ ബോർഡ് ഒഫ് എ‌ക്‌സാമിനേഷൻ നടത്തിയ ഡി.എൻ.ബി (ഡിപ്ലോമേറ്റ് ഒഫ് നാഷണൽ ബോർഡ്) പരീക്ഷയിലാണ് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം വിദ്യാർത്ഥിയായിരുന്ന ഡോ.രഞ്ജിനി രാധാകൃഷ്ണന് ഡോ.എച്ച്.എൽ ത്രിവേദി ഗോൾഡ് മെഡൽ ലഭിച്ചത്. ദേശീയ തലത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിൽ നിന്നും നെഫ്രോളജി സൂപ്പർ സ്‌പെഷ്യാലിറ്റി ബിരുദം നേടിയവരും ഡി.എൻ.ബി നെഫ്രോളജി റെസിഡൻസും എഴുതിയ പരീക്ഷയിലാണ് രഞ്ജിനി ഒന്നാമതെത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനു ശേഷം രഞ്ജിനി മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എം.ഡി കരസ്ഥമാക്കി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും നെഫ്രോളജി വിഭാഗത്തിൽ ഡി.എം ബിരുദം നേടി. എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ്. അടുത്തമാസം 10ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന കോൺവക്കേഷനിൽ രാഷ്ട്രപതി സ്വർണമെഡൽ സമ്മാനിക്കും.