
പൂവാർ: ബീച്ചുകളിൽ വിനോദത്തിനും വിശ്രമിക്കാനുമെത്തുന്ന ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി നിയമിച്ചിട്ടുള്ള ലൈഫ് ഗാർഡുകൾ ''ഞങ്ങൾക്കും വേണം സുരക്ഷ"" എന്ന ആവശ്യം ശക്തമാക്കി. കഴിഞ്ഞ 4 പതിറ്റാണ്ടായി സേവനമനുഷ്ഠിക്കുന്ന ലൈഫ് ഗാർഡുകളുടെ പ്രധാന ആവശ്യം താത്കാലികക്കാരായ ഞങ്ങളെ സ്ഥിരപ്പെടുത്തണമെന്നതാണ്. ഇതിനായുള്ള പ്രക്ഷോഭങ്ങൾ പലതും നടത്തിയിട്ടും മാറി മാറി വരുന്ന സർക്കാർ തങ്ങളുടെ രോധനം കേട്ടില്ലെന്ന് അവർ പറയുന്നു. മറ്റു പല മേഖലകളിലും 10 വർഷത്തിലധികം സർവീസുള്ളവരെ സ്ഥിരപ്പെടുത്തുമ്പോൾ എന്തുകൊണ്ട് ഞങ്ങളെ മാത്രം അവഗണിച്ചുവെന്ന് അവർ ചോദിക്കുന്നു. പലരും വാർദ്ധക്യത്തിന്റെ പടിവാതിക്കൽ എത്തിയവരാണ്. 60 തികയുമ്പോൾ വെറുംകൈയോടെ പടിയിറങ്ങേണ്ടിവരും. തുച്ഛമായ ദിവസ വേദനത്തെ ആശ്രയിച്ച് കുടുംബം പുലർത്തുന്നവരാണ് പലരും. പത്തും ഇരുപതും വർഷം കഴിഞ്ഞവർക്ക് പുതിയൊരുമേഖല കണ്ടെത്താനുമാകില്ല. വർഷങ്ങളുടെ സർവീസുള്ളവർക്കു പോലും ഇൻഷ്വറൻസ്, പ്രൊവിഡന്റ്ഫണ്ട്, ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. റിസ്ക്ക് ഏറെയുള്ള തൊഴിലായിട്ടും ഇൻഷ്വറൻസ് പരിരക്ഷ പോലും നൽകിയിട്ടില്ലെന്നത് പ്രതിഷേധാർഹമാണെന്ന് തൊഴിലാളികൾ പറയുന്നു.
സഞ്ചാരികൾ വർദ്ധിച്ചു
തീരങ്ങളിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. ഇവരിൽ ഏറിയ പങ്കും വിദേശികളും അന്യസംസ്ഥാനക്കാരുമാണ്. കുട്ടികളും വൃദ്ധരായവരും ഉൾപ്പെടെ സംഘമായെത്തുന്നവരിൽ പലരും കടലിൽ അകപ്പെട്ടു പോവാറുണ്ട്. അന്നേരങ്ങളിൽ സ്വജീവൻ പണയപ്പെടുത്തിയാണ് ആഞ്ഞടിക്കുന്ന തിരമാലകളെ വകവച്ച് കടലിൽ അകപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നത്. ആ ലൈഫ് ഗാർഡുകൾക്കാണ് വർഷങ്ങളായിട്ടും തൊഴിൽ സുരക്ഷയോ, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തത്.
സൗകര്യങ്ങൾ തീരേ കുറവ്
വെയിലേൽക്കാതിരിക്കാൻ ഒരു കുട, രണ്ട് കസേര, ഒരു ലൈഫ് ബോയ, ഒരു റസ്ക്യൂ ട്യൂബ്. ഇതാണ് ഒരു സെന്ററിലേക്ക് ഡിപ്പാർട്ട്മെന്റ് നൽകിയിട്ടുള്ളത്. പലയിടത്തും കുട നിവർത്തി വയ്ക്കാൻ കഴിയാറില്ല. ഉപകരണങ്ങളും പഴക്കം ചെന്നവയാണ്. ആധുനിക രീതിയിലുള്ളള ലൈഫ് ബോയ, ലൈഫ് ജാക്കറ്റ്, കൈ കൊണ്ട് തുഴയുന്ന സർഫാൻ, മുന്നറിയിപ്പ് ബോർഡ്, ചെറിയ മോട്ടോർ ബോട്ട് എന്നിവ ബീച്ചുകളിൽ ഉറപ്പുവരുത്തണമെന്നും ലൈഫ് ഗാർഡുകൾ ആവശ്യപ്പെടുന്നുണ്ട്. ടൂറിസ്റ്റുകൾക്ക് പോലും ടോയ്ലെറ്റ് സൗകര്യമില്ല. കോരിച്ചൊരിയുന്ന മഴയത്തും പൊള്ളുന്ന വെയിലിലും തീരത്ത് നിൽക്കാൻ വിധിക്കപ്പെട്ടവരായി ലൈഫ് ഗാർഡുകൾ മാറിക്കഴിഞ്ഞു.