s-mini

തിരുവനന്തപുരം: ജനകീയ സമരമോ, തിരഞ്ഞെടുപ്പോ എന്തുമാകട്ടെ തിരുവനന്തപുരത്തെ എസ്.യു.സി.ഐ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഒഫ് ഇന്ത്യ- കമ്മ്യൂണിസ്റ്റ്)​ സ്ഥാനാർത്ഥി എസ്. മിനിക്ക് എന്നും പോരാട്ടമാണ്. തങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുകയോ ജനകീയ പോരാട്ടങ്ങളാക്കി മാറ്റുകയോ ആണ് ലക്ഷ്യം.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുന്നതും കഴിഞ്ഞ തവണ മത്സരിച്ചതും ഇതേ ലക്ഷ്യത്തിനാണെന്ന് മിനി പറയുന്നു. കഴിഞ്ഞ തവണ ലഭിച്ചത് 604 വോട്ട്. വിളപ്പിൽശാല സമരത്തിന് പിന്നാലെ കാട്ടാക്കടയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും ആയിരത്തിനടുത്ത് വോട്ട് മാത്രമാണ് ലഭിച്ചതെന്നും മിനി ചൂണ്ടിക്കാട്ടുന്നു. എസ്.യു.സി.ഐയുടെ പ്രചാരണമാണെങ്കിലും ഫണ്ട് പിരിവാണെങ്കിലും തലസ്ഥാനത്തെത്തുന്നവർക്ക് ചിരപരിചിതയാണ് വള്ളക്കടവ് സ്വദേശിയായ ഈ 45കാരി.

 തുടക്കം ഫാർമസി കോളേജിൽ നിന്ന്

തിരുവനന്തപുരം ഫാർമസി കോളേജിലെ ബിരുദ പഠനത്തോടൊപ്പമാണ് മിനി പാർട്ടി പ്രവർത്തനം തുടങ്ങിയത്. പിന്നീടത് ജീവിതത്തിന്റെ ഭാഗമാക്കി. 2008ലും 2014ലും തിരുവനന്തപുരത്തെ ലോക്‌സഭ സ്ഥാനാർത്ഥിയും പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം. ഷാജർഖാനാണ് ഭർത്താവ്. ഏക മകൻ അലനും (തിരൂർ ഗവ. കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി) എസ്.യു.സി.ഐയുടെ സജീവ പ്രവർത്തകനാണ്. തിരുവനന്തപുരം, കൊല്ലം, മാവേലിക്കര അടക്കം എട്ട് മണ്ഡലങ്ങളിലാണ് എസ്.യു.സി.ഐ മത്സരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമടക്കം 23 സംസ്ഥാനങ്ങളിലായി 151 പേർ മത്സരരംഗത്തുണ്ട്.