വിഴിഞ്ഞം: തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് രണ്ടാംഘട്ട ക്രെയിനുകളുമായി ഷെൻഹുവ 16 ഇന്നലെ തുറമുഖത്തെത്തി. ആറ് യാർഡ് ക്രെയിനുകളുമായി പുലർച്ചെ വിഴിഞ്ഞത്തോട് ചേർന്ന പുറംകടലിലെത്തിയ കപ്പൽ രാവിലെ 11.10ഓടെയാണ് ബെർത്തിലടുപ്പിച്ചത്.
കപ്പലിനെ ഓഷ്യൻ സ്‌പിരിറ്റ്,രണ്ട് ഡോൾഫിൻ ടഗ്ഗുകൾ എന്നിവ ചേർന്ന് തുറമുഖത്തേക്ക് സ്വീകരിച്ചു. വാട്ടർലൈൻ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് ഏജൻസിയുടെ നേതൃത്വത്തിലുള്ള സംഘം കപ്പലിനെ ബെർത്തിനോട് ബന്ധിപ്പിച്ച് അനുബന്ധ നടപടികളും പൂർത്തിയാക്കി. ഇന്നലെ ഉച്ചയ്‌ക്കുശേഷം മൂന്നോടെ കപ്പലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കാലാവസ്ഥ അനുകൂലമായതിനാൽ കപ്പൽ നിശ്ചിത വേഗതയിൽ നേരത്തെ തന്നെ പുറംകടലിൽ നങ്കൂരമിടുകയായിരുന്നു. കാലാവസ്ഥ അനുകൂലമെങ്കിൽ നാളെ മുതൽ ക്രെയിനുകളിറക്കുന്ന ജോലികൾ തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.
കൂടുതൽ ക്രെയിനുകളുമായി ഈ മാസം 17നും 23നും ഷെൻഹുവ-35,ഷെൻഹുവ-34 എന്നീ കപ്പലുകൾ കൂടി വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലത്തെത്തും. 3 കപ്പലുകളിലായി 17 ക്രെയിനുകളാണ് ചൈനയിൽ നിന്നുമെത്തിക്കുന്നത്. 17നെത്തുന്ന കപ്പലിൽ 2 ഷിപ്പ് ടു ഷോർ ക്രെയിനും 4 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളും 23നെത്തുന്ന കപ്പലിൽ 2 ഷിപ്പ് ടു ഷോർ ക്രെയിനും 3 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണുള്ളത്. ആകെ വേണ്ട 32 ക്രെയിനുകളിൽ ആദ്യഘട്ടത്തിലെത്തിച്ച 15 ക്രെയിനുകൾ ട്രാക്കിൽ ഉറപ്പിച്ച് ബലപരീക്ഷണമുൾപ്പെടെ നടത്തിയിരുന്നു.