photo

കരുനാഗപ്പള്ളി: മാലുമേൽ ക്ഷേത്രോത്സവ ഘോഷയാത്രയിൽ ആക്രമണം നടത്തിയവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച എസ്.ഐ കലാധരൻ പിള്ളയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. ശാസ്താംകോട്ട രാജഗിരി മിനി ഭവനത്തിൽ സിജോ കമൽ ( 26 ) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ സിജോയെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടുദിവസമായി പ്രതി പോകാനിടയുള്ള എല്ലാ സ്ഥലങ്ങളിലും അന്വേഷണം നടത്തുകയും രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. ഇന്നലെ നീണ്ടകര ഹാർബർ ഭാഗത്ത് വെച്ച് പൊലീസിനെ കണ്ടയുടൻ ഓടി കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച സിജോയെ കടലിൽ നിന്ന് തന്നെ പിടികൂടി.. സിജോയ്ക്ക്കെതിരെ നേരത്തെ 10 കിലോ കഞ്ചാവ് കൈവശം വെച്ചതിന് കേസുണ്ട്. കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഓ മോഹിത്ത്, എസ്.ഐ മാരായ ജിഷ്ണു ,ഷാജിമോൻ, റഹീം സി.പി .ഒമാരായ ഹാഷിം ,രാജീവ് ,നൗഫൽ ജാൻ, ചവറ പൊലീസ് സ്റ്റേഷൻ എസ്.സി.പി.ഓ മനോജ് ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.