തിരുവനന്തപുരം:തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി മുന്നണി സ്ഥാനാർത്ഥികൾ.ഇന്നലെ നേമം മണ്ഡലത്തിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പ്രചാരണം കേന്ദ്രീകരിച്ചത്.മണ്ഡലത്തിലെത്തിയ പന്ന്യനെ,വിഷുക്കാലമായതിനാൽ തന്നെ കണിക്കൊന്ന പൂക്കൾ നൽകിയാണ് സ്ത്രീകളടക്കമുള്ളവർ സ്വീകരിച്ചത്. പുഷ്പവൃഷ്ടിയും ഉണ്ടായിരുന്നു. രാവിലെ ഇടപ്പഴിഞ്ഞിയിൽ മന്ത്രി വി.ശിവൻകുട്ടിയാണ് പന്ന്യന്റെ പര്യടനം ഉദ്ഘാടനം ചെയ്തത്.മേയർ ആര്യാ രാജേന്ദ്രൻ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. 50 കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം പഴയ കാരയ്ക്കാമണ്ഡപത്തിൽ പര്യടനം സമാപിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂരിന്റെ പര്യടനം പാറശാല നിയോജകമണ്ഡലത്തിലെ വെള്ളറട ബ്ലോക്കിലെ കുടപ്പനമൂട് നിന്നാണ് ആരംഭിച്ചത്.ചെണ്ട മേളത്തിന്റെ അകമ്പടിയോടുകൂടി വൻ ജനാവലിയാണ് തരൂരിനെ വരവേൽക്കാൻ എത്തിയത്. കണിക്കൊന്നയും പച്ചക്കറി മാലയും അണിയിച്ചാണ് തരൂരിനെ പ്രവർത്തകർ സ്വീകരിച്ചത്. കുടപ്പനമൂട്, മായം, പന്ത, അമ്പൂരി, വാഴിച്ചൽ പേരക്കോണം ,വാവോട്, പൂഴനാട്, തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേർന്നപ്പോഴേക്കും കർഷകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് പൂഴനാട് ജുമാ മസ്ജിദ് സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു.അവിടെനിന്ന് ഉച്ചയ്ക്ക് 3.30 ഓടെ മണ്ഡപത്തിൻ കടവിലെത്തി. അരുവിപ്പുറത്താണ് പര്യടനം സമാപിച്ചത്.
ഇന്നലെ വൈകിട്ട് പഴവങ്ങാടി ഗണപതി ക്ഷേത്ര ദർശനത്തിനുശേഷമാണ് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പര്യടനം തുടങ്ങിയത്. മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഓട്ടോ - ബൈക്ക് റാലികളുടെ അകമ്പടിയോടെ തുറന്ന ജീപ്പിലായിരുന്നു പര്യടനം.ഇത് മോദിയുടെ ഗ്യാരന്റി,ഭാവിയുടെ വാഗ്ദാനം എന്ന ടീം സോംഗിന് യുവതീയുവാക്കൾ പിന്തുണയേകി.ചെണ്ടമേളവും ഉണ്ടായിരുന്നു.ഇനി കാര്യം നടക്കും എന്ന ടാഗ് ലൈനോടുകൂടിയ ടീഷർട്ട് ധരിച്ച നൂറുകണക്കിന് യുവതീയുവാക്കളാണ് പര്യടനത്തിനെത്തിയത്.തുടർന്ന് വെള്ളായണി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയ സ്ഥാനാർത്ഥി അശ്വതി പൊങ്കാല മഹോത്സവത്തിലും പങ്കെടുത്തു. പിന്നീട് ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലുമെത്തി.