photo

നെടുമങ്ങാട്: പത്രിക പിൻവലിക്കൽ ഘട്ടവും പിന്നിട്ടതോടെ മുഖ്യ എതിരാളികൾ തമ്മിൽ പോർവിളി മൂത്തു. സേഫ് ലാൻഡിംഗ് കഴിഞ്ഞ് റോഡ് ഷോയും കൂടിക്കാഴ്ചകളും കളറായി മുന്നേറിയ കളത്തിൽ പെടുന്നനെയാണ് പ്രകമ്പനങ്ങൾ. ''പ്രകാശ് എന്ന് പേരുള്ള രണ്ട് അപരന്മാരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എനിക്കെതിരെ ഇറക്കി. നമുക്കു ജോയിമാരെ കിട്ടാത്തത് കൊണ്ടല്ല. പരാജയഭീതിയിൽ നിന്നാണ് അന്തസില്ലാത്ത ഈ നടപടി""- ആര്യനാട്ടെ സ്വീകരണ കേന്ദ്രത്തിൽ ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ആഞ്ഞടിച്ചു. ''പരാജയഭീതി ആർക്കാണെന്ന് നമുക്കറിയാമല്ലോ, ഒന്നര ലക്ഷത്തിലേറെ വോട്ടിരട്ടിപ്പ് ആരോപിച്ച് ജില്ലാ കളക്ടറെ സമീപിച്ചതാരാ ? സൂക്ഷ്മ പരിശോധനയിൽ പരാതി വാസ്തവ വിരുദ്ധമാണെന്ന് തെളിഞ്ഞില്ലേ""- പനവൂരിലെ സ്വീകരണ സ്ഥലത്ത് പ്രവർത്തകരുടെ കരഘോഷങ്ങൾക്കിടയിൽ ഇടത് സ്ഥാനാർത്ഥി വി.ജോയിയുടെ മറുപടി.

'ആറ്റിങ്ങലിന്റെ പുരോഗതി - മോദിയുടെ ഗ്യാരന്റി" എന്ന തിരഞ്ഞെടുപ്പ് വാചകം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ വി.മുരളീധരൻ എതിരാളികളെ കൗണ്ടർ ചെയ്യുന്നത്.

വോട്ടെടുപ്പ് അടുക്കുംതോറും പ്രവർത്തകരും വാശിയിലാണ്. സ്ഥാനാർത്ഥികളുടെ നാലാംഘട്ട പോസ്റ്ററുകളും അഭ്യർത്ഥനയും വീടുകളിലെത്തിക്കുന്ന തിരക്കിലാണ് ബൂത്തുതല സ്‌ക്വാഡുകൾ. ബൂത്ത് ഭാരവാഹികളുടെ യോഗം മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പലവട്ടം ചേർന്നു. സംസ്ഥാന,ദേശീയ നേതാക്കൾ പങ്കെടുക്കുന്ന കവലയോഗങ്ങൾ തുടങ്ങിക്കഴിഞ്ഞു.

വി.ജോയിക്ക് വോട്ട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10ന് വർക്കല,വൈകിട്ട് 4.30ന് കാട്ടാക്കട,6ന് കന്യാകുളങ്ങര എന്നിവിടങ്ങളിൽ പ്രസംഗിക്കും.വി.ജോയി ഇന്നലെ വാമനപുരം മണ്ഡലത്തിൽ കാർഷിക ഗ്രാമങ്ങളിലൂടെയാണ് പര്യടനം നടത്തിയത്.പാലാംകോണത്ത് ആരംഭിച്ച സ്വീകരണം രാത്രി വൈകി പനവൂർ മൂഴിയിൽ സമാപിച്ചു.ഇ.എ.സലിം, എ.എം.റൈസ്,ആർ.ജയദേവൻ,പി.എസ്.ഷൗക്കത്ത് തുടങ്ങിയവർ അനുഗമിച്ചു.

അടൂർ പ്രകാശ് വാമനപുരം മണ്ഡലത്തിലെ തോട്ടം - ആദിവാസി മേഖലയിൽ പര്യടനം നടത്തി.വികസന വെളിച്ചമെത്താത്ത പെരിങ്ങമ്മലയിലും നന്ദിയോടും മിനി മാസ്‌റ്റ് ലൈറ്റുകൾ അനുവദിച്ച കാര്യം സ്ഥാനാർത്ഥി എടുത്തു പറഞ്ഞു.പൂച്ചെണ്ട് നൽകിയും തൊപ്പി സമ്മാനിച്ചും ഷാൾ അണിയിച്ചും പ്രവർത്തകരുടെ സ്നേഹ സ്വീകരണം. ഇടിഞ്ഞാർ വിട്ടിക്കാവിൽ കെ.പി.സി.സി മെമ്പർ ആനാട് ജയൻ പര്യടനം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ സോഫി തോമസ്, ഡി.രഘുനാഥൻ നായർ, പി.എസ്.ബാജിലാൽ, ബി.സുശീലൻ, കൃഷ്ണപ്രസാദ്‌,ശൈലജ രാജീവൻ,പുലിയൂർ രാജീവൻ,ജീവൻകുമാർ,രാജ്‌കുമാർ, മിനിലാൽ,വിനുകുമാർ,താന്നിമൂട് ഷംസുദീൻ,കെ.സി.സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു.ഭരതന്നൂർ,കുറുപുഴ,ആര്യനാട് മേഖലകളിലും പര്യടനം കഴിഞ്ഞ് രാത്രി കാട്ടാക്കട മാർക്കറ്റിൽ റോഡ് ഷോയുടെ അകമ്പടിയോടെ സമാപിച്ചു. അരുവിക്കര മണ്ഡലത്തിലെ വിതുര ചേന്നൻപാറയിൽ ആരംഭിച്ച വി.മുരളീധരന്റെ സ്വീകരണം തൊളിക്കോട് പുളിച്ചമലയിൽ ഉച്ചവിശ്രമം കഴിഞ്ഞ് വൈകിട്ട് മലയിൻകീഴ് ചപ്പാത്തിൽ പുനഃരാരംഭിച്ചു.രാത്രി പള്ളിച്ചൽ മുക്കംപാലമൂട്ടിൽ സമാപിച്ചു. എസ്.സുരേഷ്,മുളയറ രതീഷ് തുടങ്ങിയവർ അനുഗമിച്ചു. മേഖല തിരഞ്ഞെടുപ്പ് കാര്യാലയങ്ങളും പാർട്ടി കുടുംബങ്ങളേയും സന്ദർശിച്ചാണ് പര്യടനം മുന്നേറിയത്.താമരപ്പൂക്കളും കണിക്കൊന്നയും കാർഷിക വിഭവങ്ങളും നൽകി പ്രവർത്തകർ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്.