
ബാലരാമപുരം: പോളിംഗ് ബൂത്തിലേക്ക് ജനം അടുക്കുന്തോറും മുന്നണി സ്ഥാനാർത്ഥികളുടെ പര്യടനവും കൂടുതൽ ആവേശകരമാവുകയാണ്. റമദാൻ ആഘോഷത്തിന്റെ ഭാഗമായി പള്ളികളിൽ വോട്ടഭ്യർത്ഥിച്ചായിരുന്നു സ്ഥാനാർത്ഥികളുടെ പര്യടനം. തുടർന്ന് ഗ്രാമീണമേഖലയിലെ പഞ്ചായത്തുകളിലെ റോഡ് ഷോയിലും പങ്കെടുത്തു. കഴിഞ്ഞ മൂന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കാളും വീറും വാശിയുമുള്ള തിരഞ്ഞെടുപ്പിനാണ് തിരുവനന്തപുരം സാക്ഷിയാകുന്നത്.
ശശി തരൂരിന്റെ പാറശാല നിയോജക മണ്ഡലം വെള്ളറട ബ്ലോക്ക് തിരഞ്ഞെടുപ്പ് പര്യടനം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു.രാവിലെ മേജർ വെള്ളായണി ദേവീക്ഷേത്രത്തിൽ ദർശനം നടത്തി ഭക്തരെ അഭിവാദ്യം ചെയ്ത് വോട്ടഭ്യർത്ഥിച്ചു, തുടർന്ന് കുടപ്പനമൂട് മുസ്ലിം ജമാഅത്ത് മസ്ജിദിലെത്തി ചീഫ് ഇമാം അൽ അമീനെ സന്ദർശിച്ചു. പാറശാല മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എ.ടി.ജോർജ്,വെള്ളറട ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഗിരീഷ് കുമാർ,പാറശാല ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോൺ,ജില്ലാ പഞ്ചായത്തംഗം ആൻസജിത റസൽ,എസ്.എസ്.സുധീർ,മുഹമ്മദ് ഹുസൈൻ,ബാലകൃഷ്ണപിള്ള,എസ്.വിജയചന്ദ്രൻ,കൊല്ലിയോട് സത്യനേശൻ,ദസ്തക്കീർ,കള്ളിക്കാട് സുരേന്ദ്രൻ,അരുൾകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കോവളം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ ആവേശോജ്ജ്വല സ്വീകരണം നൽകി.നൂറുക്കണക്കിന് ബൈക്കുകൾ പര്യടനത്തിന് അകമ്പടിയായി.സ്വീകരണം നൽകിയ പാർട്ടി പ്രവർത്തകരുടെ പേരുകൾ പരാമർശിച്ച് പന്ന്യൻ നന്ദി അറിയിച്ചായിരുന്നു മടക്കം.തലപ്പാവ്,പുഷ്പഹാരം,കാർഷികഫലങ്ങൾ,പച്ചക്കറികൾ,നെൽക്കതിർ എന്നിവ ഉപഹാരമായി നൽകിയായിരുന്നു വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകിയത്. ചെണ്ടമേളവും നാസിക് ഡോളും വെടിക്കെട്ടുമായാണ് പ്രവർത്തകർ പന്ന്യനെ വരവേറ്റത്. പര്യടനത്തിന്റെ ഉദ്ഘാടന യോഗത്തിൽ പാലപ്പൂര് ബിജു അദ്ധ്യക്ഷത വഹിച്ചു. മാങ്കോട് രാധാകൃഷ്ണൻ,നീലലോഹിതദാസ്,പി.എസ്.ഹരികുമാർ, പള്ളിച്ചൽ വിജയൻ,ജമീല പ്രകാശം,പൂജപ്പുര രാധാകൃഷ്ണൻ,തമ്പാനൂർ രാജീവ്,കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ,കോളിയൂർ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.വിവിധ കേന്ദ്രങ്ങളിൽ ആർ.എസ്.ജയൻ,ആദർശ് കൃഷ്ണ,ആർ.എസ്.രാഹുൽ രാജ്,പി.കെ.സാം,കെ.പി.ദിലീപ് ഖാൻ,ശരൺ ശശാങ്കൻ,പി.എസ്.ആന്റസ് തുടങ്ങിയവർ സംസാരിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുടെ തിരഞ്ഞെടുപ്പ് പര്യടനവും ആവേശകരമായിരുന്നു. പഴവങ്ങാടിയിൽ ബി.ജെ.പി മുതിർന്ന നേതാവ് കുമ്മനം രാജശേഖരനൊപ്പമായിരുന്ന റോഡ് ഷോ ആരംഭിച്ചത്.ചൂടിനെ മറികടന്ന് രാത്രി വൈകിയും നഗരം ചുറ്റി റോഡ് ഷോയിൽ പങ്കെടുത്തായിരുന്നു പര്യടനം അവസാനിപ്പിച്ചത്. തിരുവനന്തപുരം വികസനത്തിനായി 19 പ്രോജക്ടുകൾ നടപ്പാക്കിയെന്നും ഇടതുവലതു മുന്നണികൾക്ക് അത് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ താൻ പറഞ്ഞ് തരാമെന്നും സത്യം മറച്ചുവച്ച് വോട്ട് തേടുന്ന ശൈലി തനിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.