crime

കൊച്ചി: ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് മൂന്ന് ജീവപര്യന്തവും 25 വർഷം കഠിനതടവും 4.6 ലക്ഷംരൂപ പിഴയും ശിക്ഷിച്ച് കോടതി. മുണ്ടംവേലി സാന്തോംകോളനി പുളിമൂട്ടിൽപ്പറമ്പിൽ ശിവനെയാണ് (60) എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. ശിക്ഷ ജീവിതാവസാനംവരെ തടവായി കണക്കാക്കും.

2018 മേയിലാണ് കേസിനാസ്പദമായ സംഭവം. മുൻ പരിചയമുണ്ടായിരുന്ന കുട്ടിയെ ശിവൻ സ്കൂട്ടറിൽകയറ്റി തന്റെ ഒറ്റമുറി വീട്ടിലെത്തിച്ച് മാനഭംഗം ചെയ്തെന്നാണ് കേസ്. പോക്സോയിലെ ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.

ശിവനെതിരെ ഒരുമാസംമുമ്പ് മറ്റൊരു പോക്സോ കേസ് പള്ളുരുത്തി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ നിലവിൽ ഇയാൾ ജയിലിലാണ്. പ്രതി സമാനകുറ്റകൃത്യങ്ങൾ തുടരുകയാണെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ജീവിതാവസാനംവരെ തടവുശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എ. ബിന്ദു ഹാജരായി. തോപ്പുംപടി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.എ. അനൂപായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.