തിരുവനന്തപുരം: മലയാളിയായ കമ്പനി ഉടമയുടെ ചതിയിൽ സാമ്പത്തിക കേസിൽപെട്ട് ഷാർജയിൽ കുടുങ്ങിയ കൊട്ടാരക്കര സ്വദേശി തോമസ്‌കുട്ടിയെ സഹായിക്കാൻ മലയാളികളായ സുമനസുകൾ ഒത്തുചേർന്നു. കേസിൽ നിന്നും ട്രാവൽ ബാനിൽ നിന്നും ഒഴിവാകാൻ ബാദ്ധ്യത തുകയായ 40 ലക്ഷം രൂപയാണ് ഇവർ സമാഹരിച്ച് നൽകിയത്.
2009ൽ പട്ടാളത്തിൽ നിന്ന് വിരമിച്ച തോമസ്‌കുട്ടി 2015ൽ തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഷാർജയിലെ സ്‌ക്രാപിംഗ് കമ്പനിയിൽ ഡ്രൈവറായി. കമ്പനി ഉടമ വിസയുടെ രേഖകൾക്കൊപ്പം ഫ്ലാറ്റിന്റെ വാടകക്കരാറിലും ഒപ്പിട്ടുവാങ്ങി. 2017ൽ തോമസ് കുട്ടി മറ്റൊരു കമ്പനിയിൽ ജോലിയിൽ കയറിയതിന് ശേഷം 2022ൽ നാട്ടിലേക്ക് മടങ്ങാനായി ദുബായ് എയർപോർട്ടിൽ വന്നപ്പോഴാണ് കേസും ട്രാവൽ ബാനും ഉണ്ടെന്ന് അറിയുന്നത്.
ആദ്യം ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമ തന്റെ പേരിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയും മൂന്നുവർഷമായി വാടക നൽകാത്തതിനാൽ ഷാർജ മുനിസിപ്പാലിറ്റിയിൽ തനിക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണെന്നും തോമസ് കുട്ടി അറിഞ്ഞത് അപ്പോഴാണ്. പരിഭ്രാന്തിയിലായ തോമസ് കുട്ടി ഷാർജ വർഷിപ്പ് സെന്ററിലെ ഡോ.വിൽസൺ ജോസഫുമായി യു.എ.ഇയിലെ യാബ് ലീഗൽ സർവീസസിന്റെ സി.ഇ.ഒ സലാം പാപ്പിനിശേരിയെ സമീപിച്ചു. ഫ്ലാറ്റെടുത്ത വകയിലുള്ള 40 ലക്ഷം രൂപ സമാഹരിച്ച് കേസ് ഒഴിവാക്കാൻ ഇരുവരും തോമസിനെ സഹായിക്കുകയായിരുന്നു.