
കല്ലമ്പലം: യാത്രയ്ക്കിടയിൽ പരിക്കേറ്റ വൃദ്ധയെ ബസിൽ ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. തിരുവനന്തപുരത്ത് നിന്ന് കായംകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റിൽ വച്ച് വൃദ്ധയ്ക്ക് പരിക്കേറ്റിരുന്നു.മുന്നിലൂടെ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കാറിൽ ഇടിക്കാതിരിക്കാൻ ബസ് സഡൻ ബ്രേക്കിട്ടപ്പോഴായിരുന്നു കൊല്ലം സ്വദേശിയായ വൃദ്ധയുടെ തല കമ്പിയിൽ ഇടിച്ച് പരിക്കേറ്റത്. ഉടൻ കണ്ടക്ടർ ശ്രീകുമാർ,ഡ്രൈവർ അഭിജിത്ത് എന്നിവർ തൊട്ടടുത്തുള്ള ചാത്തൻപാറ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ച് വൃദ്ധയ്ക്ക് ചികിത്സ ലഭ്യമാക്കി. ബാക്കിയുള്ള യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു.തുടർന്ന് വൃദ്ധയുടെ ബന്ധുക്കളെ വിളിച്ചു വരുത്തി അവരെ ഏല്പിച്ചശേഷമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ മടങ്ങിയത്.