
തിരുവനന്തപുരം: ഇവൻ അരുണിന്റെ ലക്കി.വയസ് രണ്ടര.ഇതിനകം 100ലേറെ ചിത്രങ്ങളിൽ സഹനടനായും ജൂനിയർ ആർട്ടിസ്റ്റായും തിളങ്ങി.സിനിമകളിലും ഷോർട്ട് ഫിലിമുകളിലുമാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ റോളാണെങ്കിലും അഭിനയം ഗംഭീരമാക്കും.സെറ്റിലെത്തിയാൽ അതുവരെയുള്ള കുസൃതിയും ബഹളവുമില്ല. ഇരുത്തം വന്ന അഭിനേതാവിനെപ്പോലെ ഇരുന്നും കിടന്നും നടന്നും സംവിധായകന്റെ നിർദ്ദേശത്തിനനുസരിച്ച് ലക്കി പെരുമാറും.
ആറ്റുകാൽ കാലടി പരിസരത്ത് എൻഫോഴ്സ് കെ-9 എന്ന നായ പരിശീലന കേന്ദ്രത്തിനു സമീപം വർഷങ്ങൾക്കു മുമ്പാണ് രണ്ടുമാസം പ്രായമുള്ള ലക്കിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് ആരോഗ്യനില മോശമായിരുന്നു. ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. നായ പരിശീലകൻ അരുൺ ലക്കിക്ക് മരുന്നും ഭക്ഷണവും നൽകി. ആരോഗ്യം മെച്ചപ്പെട്ടതോടെ ലക്കി എല്ലാവരുമായി ഇണങ്ങാൻ തുടങ്ങി...
സാധാരണ കൊച്ചി കേന്ദ്രീകരിച്ചാണ് സിനിമയ്ക്ക് ആവശ്യമുള്ള നായകളുടെ പരിശീലനം നടക്കുന്നതെന്ന് അരുൺ പറയുന്നു. അതിലും ജെർമൻ ഷെപ്പേർഡ്,ലബ്രഡോർ പോലുള്ള നായ്ക്കളെയാണ് പരിശീലിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടന്ന ഷോർട്ട് ഫിലിമിലേക്ക് തെരുവിൽ അലഞ്ഞുതിരിയുന്ന നായയെ ആവശ്യം വന്നപ്പോഴാണ് ലക്കിയെ ആദ്യമായി രംഗത്തിറക്കിയത്. പരിശീലകൻ പറഞ്ഞുകൊടുക്കുന്നത് അതുപോലെ ലക്കി പഠിച്ചെടുക്കും. ഇത് ലക്കിയുടെ പ്രത്യേകതയാണ്.വിശുദ്ധ മേജോ, 2018,ഇരട്ട,രോമാഞ്ചം തുടങ്ങിയ സിനിമകളിൽ ലക്കി അഭിനയിച്ചു. പ്രകടനത്തിനനുസരിച്ചാണ് പ്രതിഫലം ലഭിക്കുന്നത്. ഇതുവരെ ആരെയും ലക്കി ഉപദ്രവിച്ചിട്ടില്ല.പ്രത്യേക ഭക്ഷണങ്ങൾ വേണമെന്ന് നിർബന്ധമില്ല. വാഹനത്തിൽ യാത്ര ചെയ്യാനാണ് ഏറ്റവും ഇഷ്ടം.
മെയിൻ റോളിലേക്ക്
ഈ മാസം ബംഗളൂരുവിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്ന അഞ്ചു നായ്ക്കളിൽ ഒന്ന് ലക്കിയാണ്. നടൻ ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വെബ് സീരിസിലും ലക്കി അഭിനയിക്കുന്നുണ്ട്. ഒപ്പമുള്ളവർക്ക് അനുഭവപ്പെടുന്ന സന്തോഷവും സങ്കടവും മനസിലാക്കി അതിനനുസരിച്ച് പെരുമാറുന്ന ലക്കിക്ക് മുഖ്യ റോളുകൾ ചെയ്യാനാകുമെന്ന് അരുൺ പറയുന്നു.