തിരുവനന്തപുരം: സംസ്ഥാനത്തെ ചുട്ടുപൊള്ളിക്കുന്ന കൊടുംചൂട് മേയ് പകുതി വരെ തുടരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. അതിനുശേഷം വേനൽമഴ കൂടുതൽ സജീവമാകും. അതോടെ താപനില കുറയും. കഴിഞ്ഞ വർഷങ്ങളെക്കാൾ ഇത്തവണ കൂടുതൽ ജില്ലകളിലേക്ക് ചൂട് വ്യാപിച്ചിട്ടുണ്ട്. പാലക്കാട്ടും പുനലൂരും ചൂട് 42 ഡിഗ്രിവരെ വർദ്ധിച്ചേക്കാം.
ഉയർന്ന താപനിലയുള്ള പാലക്കാട് (40 ഡിഗ്രി),കൊല്ലം (40),തൃശ്ശൂർ (39), പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ (38) ജില്ലകളിൽ 14 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ സീസണിൽ ഇതുവരെ വേനൽ മഴ ലഭിക്കാത്ത വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഈമാസം അവസാനം പെയ്തേക്കും. അടുത്ത നാല് ദിവസം മദ്ധ്യ, തെക്കൻ ജില്ലകളിൽ വേനൽ മഴ ലഭിക്കും. തിരുവനന്തപുരം,കോട്ടയം ജില്ലകളിലാകും കൂടുതൽ ലഭിക്കുക.
പാലക്കാട്ട് ചൂട് 45.4 ഡിഗ്രി
പാലക്കാട്ടെ കാഞ്ഞിരപ്പുഴയിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില 45.4 ഡിഗ്രി. സംസ്ഥാനത്ത് ഏറ്റവുമധികം ഉയർന്ന താപനിലയാണിത്. രണ്ടുദിവസം മുമ്പ് എരുമയൂരിൽ 44.7 ഡിഗ്രിയായിരുന്നു. മങ്കരയിൽ 43.3 ഡിഗ്രി, മലമ്പുഴ ഡാമിൽ 42.1 ഡിഗ്രിയുമായിരുന്നു. ഈ പ്രദേശങ്ങളിൽ സ്ഥാപിച്ച ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയതാണിത്.
എന്നാൽ, ഓട്ടോമേറ്റഡ് സ്റ്റേഷനുകളിലെ റീഡിംഗ് കാലാവസ്ഥ കേന്ദ്രം ഉപയോഗിക്കാറില്ല. സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തെ പത്ത് വർഷത്തെയെങ്കിലും മഴ,താപനില എന്നിവയുടെ കണക്ക് ഇവയിൽ അളന്ന് രേഖപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണിത്. കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 40.2 ഡിഗ്രിയാണ്. അപ്പപ്പോഴുള്ള കാലാവസ്ഥ മാറ്റം നിരീക്ഷിക്കാനും മുന്നറിയിപ്പ് നൽകാനുമാണ് ഓട്ടോമേറ്റഡ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.