dd

തിരുവനന്തപുരം: ചിരിക്കുന്ന പൂക്കൾ നിറഞ്ഞ പാർക്കിലിരുത്തിയും ചികിത്സിക്കാം! ശ്രീവിദ്യാധിരാജ ഹോമിയോ മെഡിക്കൽ കോളേജിന്റേതാണ് പുതിയ ആശയം. ഭിന്നശേഷിക്കുട്ടികളെ വിനോദത്തിലൂടെ ചികിത്സിക്കുന്ന സെൻസറി ഇന്റഗ്രേഷൻ പാർക്ക് ക്യാമ്പസിൽ സജ്ജമായിക്കഴിഞ്ഞു.അടുത്തമാസം പ്രവർത്തനമാരംഭിക്കുന്ന ന്യൂറോ ഡെവലപ്മെന്റൽ സെന്ററിന്റെ ഭാഗമായ പാർക്ക് ഭിന്നശേഷി കുട്ടികളുടെ ഇന്ദ്രിയ സംബന്ധമായ (സ്പർശനം,​മണം,​രുചി,​കേൾവി)​ പ്രശ്നങ്ങൾക്ക് പരിഹാരമാവും.

സെന്ററിനൊപ്പം ഒരു പാർക്ക് എന്ന ആശയം രൂപപ്പെടുത്തിയത് ന്യൂറോ ഡെവലപ്മെന്റൽ ഒ.പിയുടെ ചുമതലയുള്ള ‌ഡോ.ബി.ആർ.ബിന്ദുവാണ്.കോളേജ് പ്രിൻസിപ്പൽ ഡോ.ശാലിനി ജി.ഉണ്ണിത്താനും കോളേജിലെ വിദ്യാർത്ഥികളും പാർക്കിനായി കൈകോർത്തു. കോളേജ് ക്യാമ്പസിൽ തരിശായിക്കിടന്ന സ്ഥലത്താണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.

മൾട്ടിനാഷണൽ കമ്പനിയായ കെയർ സ്റ്റാക്കിന്റെ സി.എസ്.ആർ ഫണ്ട് (കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട്) ഉപയോഗിച്ച് സാറ്റേൺ ഗ്ളോബൽ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒയാണ് ന്യൂറോ ഡെവലപ്മെന്റൽ സെന്റർ ഒരുക്കുന്നത്.

സെൻസറി ഇന്റഗ്രേഷൻ പാർക്ക്

മണം,​രുചി,​ഗന്ധം എന്നിവ പരിചയപ്പെടുത്താൻ വിവിധതരം ഔഷധസസ്യങ്ങൾ ഉപയോഗിച്ച് പ്രത്യേക ഏരിയ പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. രുചികൾ പരിചയപ്പെടുത്താനുള്ള സസ്യങ്ങൾ ഒരുതരത്തിലും അലർജിയുണ്ടാക്കാത്തവയാണെന്ന് ഡോ.ബിന്ദു പറയുന്നു.ഗന്ധങ്ങൾ പരിചയപ്പെടുത്താൻ പുതിന,​കറുപ്പട്ട,​വയണ,​വിക്സ് തുളസി തുടങ്ങിയ സസ്യങ്ങൾ ഉപയോഗിച്ചിരിക്കുന്നു.

വിഷ്വൽ ഏരിയയിൽ നിറങ്ങൾ പരിചയപ്പെടുത്തുന്നത് പലതരം ജമന്തി,​റോസ് എന്നിവയുടെ പൂക്കൾ നിറയുന്ന പൂന്തോട്ടമാണ്.ശബ്ദങ്ങൾ പരിചിതമാകാൻ പലതരം മണികൾ,​ഡ്രംസ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് നടക്കാനായി മണൽ,​ഉരുളൻകല്ല്,​പുല്ല് എന്നിവ ഇടവിട്ട് സജ്ജമാക്കിയ സെൻസറി പാത്ത്.അടുത്തമാസമാണ് സെന്ററിന്റെയും പാർക്കിന്റെയും ഉദ്ഘാടനം.