കിളിമാനൂർ: വേനൽച്ചൂടിൽ താരമായി തൈര്. ദിനംപ്രതി ചൂട് ക്രമാതീതമായി ഉയർന്നതോടെ തൈരിനും ഡിമാൻഡേറി. നാടൻ തൈരിനാണ് ആവശ്യക്കാരേറെ. ചൂടുമൂലം പാലുത്പാദനം ഏറ്റവും കുറഞ്ഞ സമയമാണെന്നതിനാൽ അന്യസംസ്ഥാനത്ത് നിന്നുള്ള കമ്പനികളും കളം പിടിച്ചിട്ടുണ്ട്. സംഭാരം, ലെസി എന്നിങ്ങനെയുള്ള തൈര് ഉത്പന്നങ്ങൾക്കാണ് ഡിമാൻഡ്. ഹോട്ടലുകളിൽ മോരോ തൈരോ ഊണിന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. ദാഹം ശമിപ്പിക്കാൻ സംഭാര പ്രിയരുടെ എണ്ണം കൂടിയതാണ് തൈരിന്റെ തലവര മാറാൻ കാരണം. പ്രാദേശിക സഹകരണ സംഘങ്ങളിൽ നിന്ന് പാൽ വാങ്ങി തൈര് സ്വന്തമായി ഉത്പ്പാദിപ്പിക്കുന്നവരും ഏറെയാണ്. വഴിയോരത്ത് തണ്ണീർപ്പന്തലുകളിൽ സംഭാരങ്ങളുടെ വെറൈറ്റികളും ലഭിക്കും. സോഡ സംഭാരം, കുടം കുലുക്കി എന്നിങ്ങനെയാണ് സംഭാരത്തിന്റെ വെറൈറ്റികൾ.
 വൻകിട കമ്പനികളെല്ലാം റെഡിമെയ്ഡ് സംഭാരവും ലെസിയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഫാമുകളിൽ നിന്ന് നേരിട്ട് തൈര് ചോദിക്കുന്നവരുമുണ്ട്. തൈരിന് ലിറ്ററിന് 80 രൂപ വരെയാണ് വില. നാടൻ തൈരിന് 90 രൂപയും.
ഡിമാന്റേകാൻ കാരണം ചൂട്
 സംഭാരപ്രിയരുടെ എണ്ണം വർദ്ധിച്ചു
 നാരങ്ങയുടെ ഉപയോഗം അസിഡിറ്റിയുണ്ടാക്കുന്നു
 ഊണിന് തൈര് നിർബന്ധമാക്കിയവരുടെ എണ്ണം കൂടി
 വഴിയോരങ്ങളിലും തൈരുത്പന്നങ്ങൾ സുലഭം