സിനിമയെ ഒത്തിരി സ് നേഹിച്ചാണ് ഗാന്ധിമതി ബാലൻ മടങ്ങുന്നത്

ss

വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ കലാമേന്മയുള്ള ചിത്രങ്ങളുടെ നിർമ്മാതാവ് . ഈ വിശേഷണമാണ് ഗാന്ധിമതി ബാലന് അനുയോജ്യം. കെ.ജി. ജോർജിന്റെയും പത്മരാജന്റെയും ക്ളാസിക്കുകൾ പലതും പിറന്നത് ഗാന്ധിമതിയുടെ ബാനറിൽ ആയിരുന്നു. അമ്മയുടെ പേരായ ഗാന്ധിമതി സ്വന്തം പേരിനൊപ്പം ചേർത്തായിരുന്നു ബാലന്റെ സിനിമായാത്ര.

പ്രതിഭാധനരായ സംവിധായകരുമായുള്ള വ്യക്തിബന്ധങ്ങളും സൗഹൃദവും കാത്തുസൂക്ഷിച്ച ബാലൻ മികച്ച കലാസൃഷ്ടികൾ നിർമ്മിക്കാൻ വന്നപ്പോൾ പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, മൂന്നാംപക്കം, തൂവാനത്തുമ്പികൾ, നൊമ്പരത്തിപ്പൂവ്,ഇരകൾ , സുഖമോ ദേവി, ഇത്തിരി നേരം ഒത്തിരികാര്യം , ഇൗ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ പിറന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെയാണ് ഗാന്ധിമതി ബാലൻ നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. പത്മരാജന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്യുന്ന ഇൗ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച അവസാന ചിത്രം. പത്മരാജന്റെ അകാല വിയോഗത്തിനുശേഷം ഗാന്ധിമതി ബാലൻ സിനിമ നിർമ്മിച്ചില്ല. കിലുക്കം , സ്ഫടികം തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണ മേൽനോട്ടം വഹിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

സാഹിത്യ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു. മമ്മൂട്ടിയുമായും മോഹൻലാലുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. 2015 ൽനാഷണൽ ഗെയിംസിന്റെ ചീഫ് ഒാർഗനൈസറായി പ്രവർത്തിച്ചു. അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ, അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. 63-ാം വയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറൻസിക് സ്റ്റാർട്ട് അപ്പ് കമ്പനി ആരംഭിച്ച് രാജ്യത്തെ ഒട്ടുമിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനമായി വളർത്തുകയും ചെയ്തു. മലയാളത്തിന് നിരവധി ക്ളാസിക് സിനിമകൾ സമ്മാനിച്ചാണ് ഗാന്ധിമതി ബാലൻ യാത്രയാകുന്നത്.