
പട്ടാപകൽ വീട്ടിൽ ആയുധങ്ങളുമായി അതിക്രമിച്ചുകയറി രണ്ടംഗസംഘം
ചങ്ങനാശേരി : പട്ടാപകൾ മാരാകായുധങ്ങളുമായി രണ്ട് യുവാക്കൾ. പെരുന്നയിലെ വീട്ടിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ നഗരവാസികളെ ഭീതിയുടെ മുൾമുനയിൽ നിറുത്തുകയാണ്. ഒരാഴ്ച മുമ്പാണ് രണ്ട് പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. പൊലീസിൽ പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. കമ്പിവടിയുമായി രണ്ട് യുവാക്കൾ വീടിന്റെ മതിൽകടന്നു വരാന്തയിൽ എത്തുകയും വാതിൽ തള്ളിതുറക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയം വീടിനുള്ളിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. വീടിനു പുറത്തു സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ യുവാക്കളുടെ മുഖം ഉൾപ്പടെ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ക്യാമറ ദൃശ്യങ്ങൾ സഹിതമാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.
അത് അന്യസംസ്ഥാനക്കാർ?
പ്രതികൾ അന്യസംസ്ഥാനക്കാരാണെന്ന് വീട്ടുടമസ്ഥൻ പറയുന്നു. ഇവർ കവർച്ചയ്ക്ക് എത്തിയതാണെന്നും വീട്ടുകാർ പറയുന്നു. നഗരത്തിലും സമീപപ്രദേശത്തും രാത്രി ആയുധമേന്തിയ സംഘങ്ങളെ കണ്ടതായും പറയുന്നു. പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
മാടപ്പള്ളിയിലും ചങ്ങനാശേരി ബൈപ്പാസിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായുള്ള പരാതിയിലും നടപടിയുണ്ടായിട്ടില്ല.