sunil

കാട്ടാക്കട:കുറ്റിച്ചൽ പഞ്ചായത്തിലെ ക്ളർക്ക് വെള്ളനാട് കുളക്കോട് അനൂപ് അവന്യൂ അഭിനവത്തിൽ സുനിൽ കുമാറിനെ(50) വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജോലികഴിഞ്ഞ് ചൊവ്വാഴ്ച രാത്രി 8.45ന് വീട്ടിലെത്തിയ ഭാര്യ ധന്യയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്.ധന്യയ്ക്ക് സ്വകാര്യ സ്ഥാപത്തിലാണ് ജോലി. ഇവരുടെ രണ്ടു മക്കളും ഭാര്യയുടെ കൊക്കോട്ടേലയിലെ വീട്ടിലായിരുന്നു.

കോവിഡ് കാലത്ത് വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിയറി കെയർ സെന്ററിന്റെ ചുമതലയുണ്ടായിരുന്ന സീനിയർ ക്ലാർക്കായിരുന്നു സുനിൽകുമാർ.ഇതിലെ നടത്തിപ്പിനെപ്പറ്റി പരാതികളുണ്ടാകുകയും വിജിലൻസ് അന്വേഷണം നടത്തുകയും ചെയ്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി 7 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു.ഇതിൽ ഒരാളായിരുന്നു സുനിൽകുമാർ.
സെന്ററിന്റെ നടത്തിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ സാമ്പത്തിക കാര്യങ്ങളുടെ ഉത്തരവാദിത്തം സുനിൽ കുമാറിനായിരുന്നു.എന്നാൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് രണ്ട് ജനപ്രതിനിധികൾ ആണെന്നും തന്നെ ഇതിൽ ബലിയാടാക്കിയതാണെന്നും സുനിൽ കുമാർ പലരോടും പറഞ്ഞിട്ടുണ്ട്.ഇക്കാര്യത്തിൽ വളരെ മാനസിക സംഘർഷത്തിലാ യിരുന്നു ഇദ്ദേഹം.തുടർന്ന് പഞ്ചായത്ത് ഡയറക്ട്രേറ്റിലും കഴിഞ്ഞ ആറ്മാസമായി കുറ്റിച്ചൽ പഞ്ചായത്തിലും ജോലിനോക്കുകയായിരുന്നു. മൃതദേഹത്തിനടുത്തുനിന്നു ഇയാൾ എഴുതിയ ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തു.ഇതിൽ കുറ്റിച്ചൽ പഞ്ചായത്തിലെ മണ്ണിടിപ്പ് കേസുമായി ബന്ധപ്പെട്ട് പാസ് നൽകുന്ന കാര്യത്തിൽ തനിക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നുമുണ്ട്. എന്നാൽ ഡൊമിസിലിയറി കെയർ സെന്ററർ കേസിൽ സുനിൽ കുമാർ നിരപരാധിയാണെന്നും രാഷ്ടീയക്കാർ ഈ കേസിൽ കുടുക്കിയതാണെന്നും വിജിലൻസ് കേസിനെ തുടർന്ന് സുനിൽ കുമാർ മാനസീക വിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി.മൃതദേഹം ഭാര്യയുടെ വീടായ ആര്യനാട് കൊക്കോട്ടേലയിൽ സംസ്കരിച്ചു.മക്കൾ:അഭിനവ്,അഭിചന്ദ്.