
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾക്കും അന്വേഷണങ്ങൾക്കും മറുപടി നൽകി വലയുകയാണ് ഇതുമായി യാതൊരു ബന്ധവുമില്ലാത്ത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മാത്രമായി നിയോഗിക്കപ്പെട്ടതാണ് കമ്മിഷൻ.
പക്ഷേ,കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗമായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ഇവിടെയാണെന്ന് തെറ്റിദ്ധരിച്ചാണ് പലരുടെയും വിളി.
പൊതുജനങ്ങൾ മാത്രമല്ല, തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെയും, മുതിർന്ന രാഷ്ട്രീയ നേതാക്കളുടെയും ഓഫീസുകളിൽ നിന്ന് വരെ ഇവിടെ നിരന്തരം വിളികളെത്തുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ ഇത്തരം വിളികളിൽ പൊറുതി മുട്ടി കമ്മിഷൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കുറച്ച് നാളത്തേക്ക് ശമനമായി. വീണ്ടും പഴയ പടി വിളിയോട് വിളി.മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയമെന്ന് തെറ്റിദ്ധരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിൽ എത്തിപ്പെടുന്നവരും ഏറെയാണ്. ഓഫീസ് തെറ്റി വന്നതിന്റെ ദേഷ്യം മുഴുവൻ തീർക്കുന്നത് അവിടത്തെ സെക്യൂരിറ്റി ജീവനക്കാരോടും.
 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക അടക്കമുള്ള എല്ലാ വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും. തിരുവനന്തപുരം വികാസ് ഭവൻ കോംപ്ലക്‌സിലാണ് ഓഫീസ്
 മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇവിടെയാണ്. നിയമസഭാ കോംപ്ലക്‌സിലാണ് ഓഫീസ്. ഫോൺ :0471 -2300121, 2307168 ടോൾ ഫ്രീ നമ്പർ : 18004251965 (സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.)